തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ച ‘ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍’ പാക്കേജിന്റെ ഭാഗമായുള്ള നിര്‍മ്മല സീതാരാമന്റെ സ്വകാര്യവത്കരണ പ്രഖ്യാപനങ്ങള്‍ക്കെതിരെ ആര്‍എസ്എസ് തൊഴിലാളി സംഘടനയായ ബിഎംഎസ് എത്തിയിരുന്നു. ഈ സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിപിഎം നേതാവും മുന്‍ എംപിയുമായ എംബി രാജേഷ്.
മോഡിക്ക് വോട്ടു ചെയ്ത, തീവ്ര സംഘപരിവാര്‍ പ്രസ്ഥാനമായ ബിഎംഎസിന് പോലും അംഗീകരിക്കാനും ന്യായീകരിക്കാനുമാവാത്തത്ര രാജ്യദ്രോഹപരമായ കാര്യങ്ങളാണ് ദുരന്തത്തിന്റെ മറവില്‍ കേന്ദ്രം ചെയ്തു കൂട്ടുന്നതെന്ന് എംബി രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു.
അപകടം നടക്കുമ്പോള്‍ മരിച്ചവരുടെയും പരിക്കേറ്റു കിടക്കുന്നവരുടേയും പഴ്‌സും വാച്ചും ആഭരണങ്ങളുമെല്ലാം മോഷ്ടിക്കുന്ന ക്രിമിനലുകളെപ്പോലെയാണ് കേന്ദ്രമെന്നും രാജ്യത്തിന്റെ പൊതു സ്വത്താകെ കോവിഡ് പാക്കേജ് എന്ന പേരില്‍ മുതലാളിമാര്‍ക്ക് അടിയറ വെക്കുമ്പോള്‍ പാവങ്ങള്‍ക്ക് പ്രഖ്യാപിച്ചത് മാസത്തില്‍ 5 കിലോ ധാന്യവും ഒരു കിലോ കടലയും മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
മോദി ഭക്തരേ, കേള്‍ക്കുക നിങ്ങളുടെ പരിവാരത്തിലംഗമായ, മോദി സര്‍ക്കാരിനെ അധികാരത്തിലേറ്റാന്‍ കഠിനാദ്ധ്വാനം ചെയ്ത ഭാരതീയ മസ്ദുര്‍ സംഘിന്റെ (BMS) വാക്കുകള്‍. കേന്ദ്ര ധനമന്ത്രിയുടെ ഇന്നത്തെ പ്രഖ്യാപനം രാജ്യതാല്‍പര്യത്തിന് എതിരാണെന്ന്! രാജ്യതാല്‍പര്യത്തിനെതിരു നില്‍ക്കുന്നവരല്ലേ രാജ്യദ്രോഹികള്‍? അതായത്, മോദിയും സംഘവും രാജ്യദ്രോഹികളാണെന്ന് പറയുന്നത് BMS ! തീര്‍ന്നില്ല. നിര്‍മ്മലാ സീതാരാമന്‍ ഇന്ന് പ്രഖ്യാപിച്ച ആശയങ്ങള്‍ പരാജയപ്പെട്ടവയാണെന്ന്. പുതിയ വല്ല ആശയങ്ങളുമായി വരു എന്ന്. അവരുടെ പ്രസ്താവനയുടെ തലക്കെട്ടു തന്നെ അതാണ്.ഇത് വിദേശിവല്‍ക്കരണത്തിലേക്ക് നയിക്കുമെന്ന് .( ആത്മനിര്‍ഭരവാചകമടിയുടെ പൊള്ളത്തരം BMS തന്നെ പറയുന്നു) സര്‍ക്കാരിന് സ്വന്തം ആശയങ്ങളില്‍ ആത്മവിശ്വാസമില്ലെന്ന് .കോവിഡ് പ്രതിസന്ധി മുതലെടുത്ത് കേന്ദ്രം 8 സുപ്രധാന മേഖലകളെ കോര്‍പ്പറേറ്റ് വല്‍ക്കരിച്ചിരിക്കുകയാണെന്ന്. ഇത് അങ്ങേയറ്റം അപലപനീയമാണെന്നും എതിര്‍ക്കപ്പെടേണ്ടതാണെന്നും കൂടി പ്രസ്താവനയില്‍ പറഞ്ഞിട്ടുണ്ട്.
ഭൂമിക്കടിയില്‍ കിടക്കുന്ന കല്‍ക്കരി മുതല്‍ ബഹിരാകാശം വരെ ഈ താപ്പില്‍ വിറ്റുതുലക്കുന്ന മോദി സര്‍ക്കാരിനെക്കുറിച്ച് ഇടതുപക്ഷം ഉയര്‍ത്തുന്ന വിമര്‍ശനങ്ങളില്‍ നിന്ന് BMS പറയുന്നതിന് എന്ത് വ്യത്യാസമുണ്ട്? മോദിക്ക് വോട്ടു ചെയ്ത, തീവ്ര സംഘപരിവാര്‍ പ്രസ്ഥാനമായ BMS നു പോലും അംഗീകരിക്കാനും ന്യായീകരിക്കാനുമാവാത്തത്ര രാജ്യദ്രോഹപരമായ കാര്യങ്ങളാണ് ദുരന്തത്തിന്റെ മറവില്‍ കേന്ദ്രം ചെയ്തു കൂട്ടുന്നത്.അപകടം നടക്കുമ്പോള്‍ മരിച്ചവരുടെയും പരിക്കേറ്റു കിടക്കുന്നവരുടേയും പഴ്‌സും വാച്ചും ആഭരണങ്ങളുമെല്ലാം മോഷ്ടിക്കുന്ന ക്രിമിനലുകളെപ്പോലെയാണിവര്‍. രാജ്യത്തിന്റെ പൊതു സ്വത്താകെ കോവിഡ് പാക്കേജ് എന്ന പേരില്‍ മുതലാളിമാര്‍ക്ക് അടിയറ വെക്കുമ്പോള്‍ പാവങ്ങള്‍ക്ക് പ്രഖ്യാപിച്ചത് മാസത്തില്‍ 5 കിലോ ധാന്യവും ഒരു കിലോ കടലയും. പെരുവഴിയില്‍ നടന്നു തളര്‍ന്നും വണ്ടി കയറിയും മരിച്ചു വീഴുന്ന മനുഷ്യര്‍ക്കുള്ള നക്കാപ്പിച്ച.ഇവരില്‍ മിക്കവരും ഹിന്ദുവിന്റെ അഭിമാനം സ്വപ്നം കണ്ട് ഈ ഹൃദയശൂന്യരുടെ ‘താമര’ യില്‍ വോട്ടു ചെയ്തവരായിരിക്കുമെന്ന പരിഗണനപോലും ഈ ദരിദ്ര കോടികള്‍ക്ക് നല്‍കാത്തവര്‍ കോര്‍പ്പറേറ്റുകള്‍ക്ക് നാടിനെ ഒറ്റുകൊടുക്കുന്നു. ആത്മ നിര്‍ഭരത കൊട്ടിഗ്‌ഘോഷിച്ച് നാക്കെടുക്കും മുന്‍പ് പ്രതിരോധ മടക്കം എല്ലാ മേഖലയിലും സര്‍വത്ര വിദേശ നിക്ഷേപം അനുവദിക്കുന്നു. ഖനികളും വിമാനത്താവളങ്ങളുമൊക്കെ വില്‍ക്കാന്‍ പറ്റിയ സമയമിതാണല്ലോ.അതാണല്ലോ രാജ്യത്തെ പട്ടിണിപ്പാവങ്ങള്‍ നേരിടുന്ന ഹൃദയഭേദകമായ ദുരിതങ്ങള്‍ക്കുള്ള അടിയന്തിര പരിഹാരം. ഇരുപതുലക്ഷം കോടിയെന്ന ഗീര്‍വാണത്തിന്റെ ഉള്ളുകള്ളി മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫ. രാംകുമാര്‍ എണ്ണിപ്പറഞ്ഞ് തുറന്നു കാണിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നേരിട്ട് ചെലവഴിക്കുന്നത് 3.20 ലക്ഷം കോടി മാത്രം.16.60 ലക്ഷം കോടിയും വായ്പകള്‍!
മനുഷ്യരായ ആര്‍ക്കും സഹിക്കാനാവാത്ത കരള്‍ പിളരുന്ന വേദന മാത്രം പകരുന്ന അനേകം ദൃശ്യങ്ങള്‍ ഓരോ ദിവസവും നാം കാണുകയാണ്. കാളവണ്ടിയില്‍ വയ്യാത്ത അമ്മയെ വഹിച്ച് ഒരു വശത്തെ കാളക്കൊപ്പാ നുകത്തിന്റെ മറുവശം സ്വന്തം കഴുത്തില്‍ വെച്ച് 800 കിലോമീറ്റര്‍ സഞ്ചരിച്ച കൗമാരക്കാരന്റെ വീഡിയോ ദൃശ്യം പോലുള്ള എണ്ണിയാലൊടുങ്ങാത്ത ദുരിതക്കാഴ്ചകള്‍ കണ്ടിട്ടും ഇങ്ങനെ സ്വന്തം ജനതയെ കബളിപ്പിക്കാന്‍ കഴിയുന്നവര്‍ എന്തു തരം ക്രുരരായ ഭരണാധികാരികളാണ്? അനുയായികള്‍ പോലും ആ ഭരണാധികാരികളുടെ പ്രവൃത്തികളെ തള്ളിപ്പറയാന്‍ നിര്‍ബന്ധിതരാകുന്നത് എന്തുകൊണ്ട്?സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധിയിലൂടെ നമ്മുടെ രാജ്യം കടന്നു പോകുന്ന ഈ ഇരുണ്ട കാലത്ത് അധികാരത്തില്‍ വാഴുന്നത് അത്രമാത്രം മനുഷ്യത്വ വിരുദ്ധരായ ശക്തികളായതിനാലാണത്.