പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ വിവിധയിടങ്ങളിലിറങ്ങിയ കടുവയെ ഷാര്‍പ്പ് ഷൂട്ടറുടെ സഹായത്തോടെ വെടിവെയ്ക്കാന്‍ ഉത്തരവ് നല്‍കിയെന്ന് വനംമന്ത്രി കെ രാജു. കഴിഞ്ഞ ദിവസം മന്ത്രിയുടെ അധ്യക്ഷതയില്‍ ഡിഎഫ്ഒയുടെ ബംഗ്ലാവില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം എടുത്തത്.
കടുവ ആക്രമണകാരിയാകുന്ന പക്ഷം ഷാര്‍പ്പ് ഷൂട്ടറുടെ സഹായത്തോടെ വെടിവെയ്ക്കാന്‍ ഉത്തരവ് നല്‍കിയെന്നാണ് മന്ത്രി അറിയിച്ചത്. ഒമ്പത് ദിവസം മുമ്പ് ജനവാസ മേഖലയിലിറങ്ങിയ കടുവ ഇപ്പോഴും പിടികൊടുക്കാതെ തുടരുകയാണ്. കടുവയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി പുരോഗമിക്കുകയാണ്.
വനം വകുപ്പിന്റെ വിദഗ്ധ സംഘം മേഖലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. കടുവയെ പിടികൂടുന്നതിനായി നാല് ടീമിനെ നിയോഗിച്ചിട്ടുണ്ട്. കടുവയെ കണ്ട കോന്നി തണ്ണിത്തോട്ടിലും റാന്നി വടശ്ശേരിക്കര ഭാഗങ്ങളിലും 25 ക്യാമറകള്‍ ഇതിനോടകം സ്ഥാപിച്ചു കഴിഞ്ഞു.ഇതിന് പുറമെ ഡ്രോണിന്റെ സഹായത്തോടെ കടുവയെ നിരീക്ഷിക്കുന്നുണ്ട്. കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. മേടപ്പാറ എസ്റ്റേറ്റിലെ ടാപ്പിംഗ് തൊഴിലാളിയായ ഇടുക്കി സ്വദേശി വിനീഷ് മാത്യുവാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
Discussion about this post