തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ക് ഡൗണ്‍. ഇന്ന് വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുമതിയില്ല. ചരക്ക് വാഹനങ്ങള്‍, ആരോഗ്യ ആവശ്യങ്ങള്‍ക്കു പോകുന്ന വാഹനങ്ങള്‍, അടിയന്തര ഡ്യൂട്ടിയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എന്നിവര്‍ക്കാണ് അനുമതിയുള്ളത്. അതേസമയം അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്.
പാല്, പത്ര വിതരണം, മെഡിക്കല്‍ സ്റ്റോറുകള്‍, ആശുപത്രി ഉള്‍പ്പെടെ ലോക്ക് ഡൗണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിവാഹങ്ങള്‍ക്കും മരണാനന്തരചടങ്ങുകള്‍ക്കുമല്ലാതെ ആളുകള്‍ ഒത്തുകൂടാന്‍ പാടില്ല. കൊവിഡ് പ്രതിരോധം നടത്തുന്ന വകുപ്പുകള്‍, ഏജന്‍സികള്‍ എന്നിവ പ്രവര്‍ത്തിക്കും. മാലിന്യ നിര്‍മാര്‍ജന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍, നടന്നുവരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, തുടര്‍ച്ചയായി പ്രവര്‍ത്തിക്കേണ്ട ഉല്പാദന സംസ്കരണ ശാലകള്‍ എന്നിവയ്ക്കും പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്. ഹോട്ടലുകളിലെ ടേക്ക് എവേ കൗണ്ടറുകള്‍ രാവിലെ എട്ടു മുതല്‍ രാത്രി ഒന്‍പത് മണി വരെ പ്രവര്‍ത്തിക്കും. ഓണ്‍ലൈന്‍ ഡെലിവറി രാത്രി പത്തു മണിവരെ അനുവദിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോര്പ്പറേഷന് പരിധിയില്‍ കഴിഞ്ഞ ഞായറാഴ്ച നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്ന റോഡുകളില്‍ ഇന്നും നിയന്ത്രണം തുടരും. പുലര്‍ച്ചെ അഞ്ചുമുതല്‍ രാവിലെ പത്തുവരെയാണു നിയന്ത്രണം. ഈ സമയപരിധിയില്‍ അവശ്യവസ്തുക്കള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കും അടിയന്തരാവശ്യത്തിനു പോകുന്ന വാഹനങ്ങള്‍ക്കും റോഡുകളില്‍ നിയന്ത്രണമുണ്ടാവില്ല.
സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ കര്‍ശനമായി നടപ്പാക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അവശ്യമേഖലയായി സര്‍ക്കാര്‍ നിര്‍ദേശിച്ച സേവനങ്ങളുമായി ബന്ധപ്പെട്ടു മാത്രമേ ജനങ്ങളെ പുറത്തിറങ്ങാന്‍ അനുവദിക്കുകയുള്ളൂ. വയനാട് ഉള്‍പ്പെടെയുള്ള രോഗവ്യാപന മേഖലകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post