‘ഇവന് ലോക്ക് ഡൗണ്‍ തുടങ്ങിയപ്പോള്‍ തൊട്ട് മേലുവേദനയാ..ഓന് ടെന്‍ഷന്‍ കൂടീട്ടാവോ ഡോക്ടറേ’; ജോലിക്കാരനായ ബംഗാളി യുവാവുമായി ഡോക്ടറുടെ അടുത്തെത്തിയ അഷ്റഫ്, മനംനിറച്ചൊരു കുറിപ്പ്

മലപ്പുറം: കാരുണ്യവും നന്മയും വറ്റാത്തവരും ലോകത്തുണ്ടെന്ന് തുറന്നുകാട്ടുകയാണ് ഈ ലോക്ക് ഡൗണ്‍ കാലം. അതിഥി തൊഴിലാളികളെ മനുഷ്യനായിപോലും കാണാത്തവര്‍ക്കിടയില്‍ തൊഴിലാളിയായ ബംഗാളി യുവാവിനെ ചേര്‍ത്തുപിടിക്കുന്നൊരു കോണ്‍ട്രാക്ടറെ ലോകത്തിന് പരിചയപ്പെടുത്തുകയാണ്
ഡോ. ഷിംന അസീസ്.

”കഴിഞ്ഞ ദിവസം ഒപിയില്‍ അഷ്റഫ് എന്ന് പേരുള്ളൊരാള്‍ വന്നു. അയാള്‍ പേഷ്യന്റായിരുന്നില്ല. സ്വന്തം സൈറ്റിലെ പണിക്കാരനെ, 21 വയസ്സുകാരന്‍ ബംഗാളി യുവാവിനെ കൂട്ടിയാണ് വന്നത്. ‘ഇവന് ലോക്ക് ഡൗണ്‍ തുടങ്ങിയപ്പോള്‍ തൊട്ട് മേലു വേദനയാ… പൊള്ളുന്നു എന്നൊക്കെയാ പറയുന്നത്. ഓന്റെ സമാധാനത്തിന് പല ഡോക്ടര്‍മാരെ കാണിച്ച് ഞാന്‍ ഈ ടെസ്റ്റുകള്‍ മുഴുവന്‍ ചെയ്തു. ഓന് ടെന്‍ഷന്‍ കൂടീട്ടാവോ ഡോക്ടറേ… ഒന്ന് കയ്ച്ചിലാക്കി കൊടുക്കീ… ചെറ്യേ കുട്ടിയല്ലേ…’

ആ മനുഷ്യന്‍ അവന്റെ എക്സ് റേയും നേര്‍വ് കണ്ടക്ഷന്‍ ടെസ്റ്റും തലയുടെ MRI സ്‌കാനും ഉള്‍പ്പെടെ സ്വകാര്യ ആശുപത്രിയില്‍ നിന്നും ചെയ്തതിന്റെ റിസള്‍റ്റുകളുടെ ഒരു വലിയ കെട്ട് എന്റെ മുന്നിലേക്ക് നീട്ടി. ഞാനയാളുടെ കണ്ണിലേക്ക് നോക്കി. അവിടെ കണ്ട ഭാവം എന്തെന്ന് നിര്‍വചിക്കാന്‍ പോലുമറിയില്ല. എന്റെ മനസ്സ് എഴുന്നേറ്റ് നിന്ന് കൈ കൂപ്പി ആ മനുഷ്യന് മുന്നില്‍…

അതിഥി തൊഴിലാളിയെന്നാ നമ്മള്‍ മലയാളികള്‍ വിളിക്കുന്നേ… എന്നിട്ടും നമ്മളില്‍ പലര്‍ക്കും അവരോട് വല്ലാത്ത അവജ്ഞയാണ്. അവരില്‍ ഒരുവന് വേണ്ടി എനിക്ക് മുന്നിലെ വാതിലിനപ്പുറം ഒന്നര മണിക്കൂറിലേറെ ക്ഷമയോടെ നിന്ന് മുന്നില്‍ വന്ന് ഈ പറഞ്ഞ വാക്കുകള്‍ പറഞ്ഞ ആളോട് ഞാന്‍ എന്ത് പറയാനാണ്… പറയാന്‍ എനിക്കെന്തുണ്ട് യോഗ്യത! മനോരോഗവിഭാഗത്തിലേക്ക് ആ കൊച്ചു പയ്യനെ റഫര്‍ ചെയ്ത് കേസ് ഷീറ്റ് എഴുതുമ്പോഴും ആ മനുഷ്യന്റെ കരുതലോര്‍ത്ത് കണ്ണ് നിറയുന്നുണ്ടായിരുന്നു.

ഇങ്ങനെയുമുണ്ട് കേട്ടോ ചിലര്‍… കാതങ്ങളോളം വിജനതയിലെ വെയിലില്‍ നടക്കുമ്പോള്‍, കാലിലെ തൊലി പൊള്ളിയടരുമ്പോള്‍, റെയില്‍ പാളത്തില്‍ റൊട്ടിയില്‍ ചോര പുരണ്ട് കിടക്കുമ്പോള്‍, മനുഷ്യനായിപ്പോലും അതിഥിതൊഴിലാളിയെ കാണാന്‍ പലരും മടിക്കുമ്പോള്‍…

സൂര്യന്‍ തീ തുപ്പുന്ന വഴിയരികില്‍ ഒരു മഞ്ഞപ്പൂവും രണ്ട് കുഞ്ഞിലകളും മാത്രം കണ്ടൂന്ന് വെക്കൂ…

നാഴികകള്‍ക്കൊടുവില്‍ കണ്ട പച്ചപ്പ് അത് മാത്രമെന്ന് കരുതൂ…

അന്നേരം നമുക്കൊരു പ്രതീക്ഷ തോന്നില്ലേ… വെറുതേ…

ഇങ്ങനെയും ചില നീരുറവകള്‍ പലയിടത്തും കാണണം. അവരാകും മനുഷ്യത്വം ഒരിക്കലും വറ്റാതെ കാക്കുന്നത്…

ലോകം നല്ലത് കൂടിയാണ്”.

Exit mobile version