പത്തനംതിട്ട: ശബരിമല വിഷയത്തില്‍ ബിജെപി രണ്ടും കല്‍പ്പിച്ച് പുതിയ സമരമുറയുമായി മുന്നേറുകയാണ്. സമര രീതി മാറ്റിയതില്‍ പാര്‍ട്ടിയ്ക്കകത്ത് മുറുമുറുപ്പ് സജീവമായതില്‍ ശബരിമലയില്‍ 400ന് അടുത്ത് സംഘപരിവാര്‍ പ്രവര്‍ത്തകരെ സംഘടിപ്പിച്ചിട്ടുണ്ട്. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് തുടങ്ങി നാല് ആവശ്യങ്ങള്‍ ഉയര്‍ത്തി സെക്രട്ടേറിയറ്റ് പടിയില്‍ നിരാഹാരം ഇരിക്കാന്‍ ആണ് തീരുമാനം. ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണനാണ് സമരം ഇരിക്കുക.
സമരം സെക്രട്ടേറിയറ്റ് പടിയില്‍ ആയാലും സ്ത്രീകളെ തടയാന്‍ 400 സംഘപരിവാര്‍ പ്രവര്‍ത്തകരെയാണ് അണിനിരത്തിയിരിക്കുന്നത്. വേണ്ടി വന്നാല്‍ വീട്ടമ്മമാരെയും സമരമുഖത്ത് കൊണ്ടു വരുമെന്ന് ബിജെപി അറിയിച്ചു. നിലവില്‍ 200- 250 പ്രവര്‍ത്തകര്‍ നിത്യേന സന്നിധാനത്തുണ്ട്. വിവിധ ഹിന്ദു സംഘടനകള്‍ ചേര്‍ന്ന ശബരിമല കര്‍മ്മ സമിതിയുടെ പേരിലാണ് കൂടുതല്‍ പ്രവര്‍ത്തകരെ സന്നിധാനത്തെത്തിക്കുക. ഭക്തരായി വരുന്നതിനാല്‍ ഇവരെ തടയാനും അധികൃതര്‍ക്ക് കഴിയില്ല. പോലീസിന്റെ പിടിയില്‍പെടാതിരിക്കാന്‍ കേസുകളില്‍ ഉള്‍പ്പെട്ടവരെ ഒഴിവാക്കിയാണ് പ്രവര്‍ത്തകരെ അയയ്ക്കുക. ഇതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രവര്‍ത്തകരെ തയ്യാറാക്കി കഴിഞ്ഞു.
മകരവിളക്ക് കഴിഞ്ഞ് ശബരിമല നട അടയ്ക്കുന്നതുവരെ സന്നിധാനത്ത് തമ്പടിക്കാനാണ് പ്രവര്‍ത്തകരുടെ നീക്കം. ഒരു കാരണവശാലും യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് തന്നെയാണ് സംഘപരിവാര്‍ തീരുമാനം. ശബരിമലയിലേക്കാണെന്ന സംശയത്താല്‍ ഏതെങ്കിലും യുവതികളെ കണ്ടാല്‍ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍, ബസ് ജീവനക്കാര്‍, ടെയ്രിനുകളിലെയും ബസുകളിലെയും സഹയാത്രികര്‍ തുടങ്ങി സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ളവരില്‍ നിന്നും ജാഗ്രതാ മുന്നറിയിപ്പുകള്‍ സംഘടനയ്ക്ക് ലഭിക്കുന്നുണ്ട്. പോലീസ് കേന്ദ്രങ്ങളില്‍ നിന്നും വിവരങ്ങള്‍ ലഭിക്കുന്നുണ്ട്.
ഇതോടൊപ്പം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ പ്രചാരണ പരിപാടികളും നടത്തുന്നുണ്ട്. ഒപ്പുശേഖരണം, ലഘുലേഖാ വിതരണം, വീഡിയോ ക്യാംപെയിനിംഗ്, ഗൃഹസമ്പര്‍ക്കം എന്നിവ നടന്നുവരികയാണ്. കര്‍മ്മസമിതിയിലില്ലാത്ത സംഘടനകളേയും സഹകരിപ്പിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ പ്രതിഷേധ പരിപാടികള്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം 3 ന് തിരുവനന്തപുരത്ത് ചേരുന്ന ശബരിമല കര്‍മ്മ സമിതി കേന്ദ്ര സമിതി യോഗം തീരുമാനിക്കും.