തൊടുപുഴ: 90കാരിയായ മുത്തശ്ശിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. വണ്ണപ്പുറം ചീങ്കല്‍സിറ്റി പുത്തന്‍പുരയ്ക്കല്‍ പാപ്പിയമ്മയെയാണ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. ഇവര്‍ ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. മരണത്തോട് മല്ലടിക്കുകയാണ് ഇപ്പോള്‍ പാപ്പിയമ്മ.
സംഭവത്തിലെ പ്രതി ശ്രീജേഷിനെ(32)യാണ് കാളിയാര്‍ എസ്‌ഐ വിസി വിഷ്ണുകുമാറിന്റെ നേതൃത്വത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. പാപ്പിയമ്മയുടെ മകന്‍ ശ്രീധരന്റെ മകനാണ് ശ്രീജേഷ്. വ്യാഴാഴ്ച രാത്രി 10-നായിരുന്നു സംഭവം.
പാപ്പിയമ്മയുമായി വഴക്കിട്ട ശ്രീജേഷ് മണ്ണെണ്ണ ഇവരുടെ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. മദ്യപിച്ച് വീട്ടിലെത്തി ഇയാള്‍ ബഹളമുണ്ടാക്കുന്നത് മുന്‍പും പാപ്പിയമ്മ ചോദ്യംചെയ്തിരുന്നു. ഇതിന്റെ വൈരത്തിലാകാം തീകൊളുത്തിയതെന്ന് പോലീസ് പറയുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Discussion about this post