തിരുവനന്തപുരം: സംസ്ഥാനത്തെ ക്വാറന്റൈൻ സൗകര്യങ്ങൾ പര്യാപ്തമല്ലെന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി. ക്വാറന്റൈൻ കാര്യത്തിൽ സംസ്ഥാനത്തിന് ആശയക്കുഴപ്പങ്ങളില്ല. സർക്കാർ ഫലപ്രദമായി ക്വാറന്റൈൻ നടപ്പിലാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കൊവിഡ് നിരീക്ഷണത്തിലുള്ള സംസ്ഥാനത്തെ 48,825 ആളുകളിൽ 48,287 പേരും വീടുകളിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്. സംസ്ഥാനത്തിന്റെ സവിശേഷ സാഹചര്യത്തിൽ ഹോം ക്വാറന്റൈൻ വിജയകരമായി നടപ്പിലാക്കാൻ കഴിയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗത്തെ പിടിച്ചുനിർത്താൻ കഴിഞ്ഞതിന്റെ പ്രധാന കാരണം ഇതാണെന്നും അദ്ദേഹം പറഞ്ഞു.
പുതിയ സാഹചര്യത്തിൽ പെയ്ഡ് ക്വാറന്റൈനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. രോഗലക്ഷണങ്ങളിൽ ഇല്ലാത്തവരെ പണം നൽകി ഉപയോഗിക്കാവുന്ന പെയ്ഡ് ക്വാറന്റൈനിൽ പ്രവേശിപ്പിക്കാനാണ് ആലോചിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ക്വാറന്റൈൻ കാലാവധിയിൽ ഇളവ് അനുവദിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഏഴ് ദിവസം സർക്കാർ ക്വാറന്റീനും ഏഴ് ദിവസം ഹോം ക്വാറന്റൈനും എന്നായിരുന്നു സംസ്ഥാനം ആവശ്യപ്പെട്ടത്. എന്നാൽ ഇത് തള്ളിയ കേന്ദ്രം 14 ദിവസം സർക്കാർ ക്വാറന്റൈൻ നിർബന്ധമാണെന്നാണ് വെള്ളിയാഴ്ച ഹൈക്കോടതിയെ അറിയിച്ചത്.