ചെങ്ങന്നൂര്‍: പൊട്ടിവീണ വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് ഒരു കുടുംബത്തിലെ രണ്ടുപേര്‍ മരിച്ചു. പത്തനംതിട്ട ജില്ലയിലെ ചെങ്ങന്നൂരിലാണ് സംഭവം. കടമ്പൂര് പടനശ്ശേരിയില്‍ ഓമന, മരുമകള്‍ മഞ്ജു എന്നിവരാണ് വൈദ്യുത ലൈനില്‍ നിന്നും ഷോക്കേറ്റ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. വീടിന് മുറ്റത്തെ മരച്ചില്ല ഒടിഞ്ഞുവീണാണ് വൈദ്യുത ലൈന്‍ പൊട്ടിയത്. എന്നാല്‍ സംഭവമറിയാതെ ഈ വഴിയിലൂടെ നടന്നപ്പോഴായിരുന്നു ഓമനയ്ക്ക് ഷോക്കേറ്റത്. ഓമനയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മഞ്ജുവിനും ഷോക്കേല്‍ക്കുകയായിരുന്നു.
ആറുവയസ്സുള്ള കുട്ടിക്കും ഷോക്കേറ്റു. ഓമനയും മഞ്ജുവും സംഭവസ്ഥലത്തുവെച്ച്തന്നെ മരിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി അപകടനില തരണം ചെയ്തുവെന്ന് അധികൃതര്‍ അറിയിച്ചു. മഞ്ജുവിന്റെയും ഓമനയുടേയും മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.
Discussion about this post