തിരുവനന്തപുരം; വിവാഹച്ചടങ്ങ് നടക്കുന്നതിനിടെ താലിമാല മോഷണം പോയി. മുഹൂര്‍ത്തത്തിന് നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കവെയാണ് വരന്റെ സഹോദരിയുടെ പക്കല്‍ സൂക്ഷിച്ചിരുന്ന താലി മാല മോഷണം പോയത്. മാല മോഷ്ടിക്കപ്പെട്ടതിന് പിന്നാലെ തൊട്ടടുത്ത കടയില്‍ നിന്നും മറ്റൊരു മാല വാങ്ങിക്കൊണ്ടു വന്നാണ് മുഹൂര്‍ത്തം തെറ്റാതെ വിവാഹം നടത്തിയത്.
ഞായറാഴ്ച കിളിമാനൂര്‍ പുതിയകാവിലെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹത്തിനിടെയാണ് വധുവിനെ അണിയിക്കാന്‍ കൊണ്ടു വന്ന താലി മാല മോഷണം പോയത്. കിളിമാനൂര്‍ പുളിമ്പള്ളികോണം പാലകുന്ന് രേവതി ഭവനില്‍ രേഷ്മയുടെ വിവാഹത്തിനിടെയാണ് മാല മോഷണം പോയത്. വരന് വര്‍ക്കല ശിവഗിരി പുതുവീട്ടില്‍ അഭിലാഷ് കൊണ്ടുവന്ന മൂന്നരപവന്‍ സ്വര്‍ണ മാലയും താലിയുമാണ് മോഷണം പോയത്.
വരനെ വധുവിന്റെ ബന്ധുക്കള്‍ സ്വീകരിക്കവെ സഹോദരിയുടെ ബാഗില്‍ സൂക്ഷിച്ചിരുന്ന മാലയാണ് കവര്‍ന്നത്. താലിമാല പൂജിക്കുന്നതിനായി മണ്ഡപത്തിലേക്ക് കൊടുക്കാനായി ബാഗ് തുറന്നപ്പോഴാണ് മാല കാണാതായത് ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് മുഹൂര്‍ത്തം തെറ്റാതിരിക്കാന്‍ പെട്ടെന്ന് തന്നെ അടുത്തുള്ള കടയില്‍ നിന്നും മറ്റൊരു മാല വാങ്ങുകയായിരുന്നു.
വിവാഹ ചടങ്ങ് കഴിഞ്ഞതിന് പിന്നാലെ വരനും ബന്ധുക്കളും കിളിമാനൂര്‍ പോലീസില്‍ പരാതി നല്കി. വിവാഹ സ്വീകരണസമയത്തെ വീഡിയോ ദൃശ്യങ്ങളില്‍നിന്ന് കിളിമാനൂര്‍ പാപ്പാല സ്വദേശിയായ ഒരു യുവതിയെ സംശയാസ്പദമായി കണ്ടെത്തിയിട്ടുണ്ടെന്ന് ബന്ധുക്കള്‍ അറിയിച്ചു. വരന്റെ വീട്ടുകാരോ വധുവിന്റെ വീട്ടുകാരോ ക്ഷണിക്കാത്ത ഒരു യുവതിയെ ആണ് സംശയാസ്പദമായി കണ്ടത്.
വരന്റെയോ വധുവിന്റെയോ വീട്ടുകാര്‍ ക്ഷണിക്കാത്ത യുവതി സ്വീകരണത്തിനിടെ വരന്റെ സഹോദരിയുടെ സമീപം നില്ക്കുന്നതും വീഡിയോ പകര്‍ത്തുമ്പോള്‍ തന്ത്രപൂര്‍വം മുഖം മറയ്ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തവുമാണ്. ഈ ദൃശ്യങ്ങളടക്കമാണ് പരാതി നല്‍കിയത്. കേസന്വേഷണം പുരോഗമിക്കുകയാണെന്ന് കിളിമാനൂര്‍ പോലീസ് അറിയിച്ചു.
Discussion about this post