കേരളത്തിന്റെ റോക്ക് സ്റ്റാര്‍; ആരോഗ്യ മന്ത്രിയെ വാനോളം പുകഴ്ത്തി ബ്രിട്ടീഷ് മാധ്യമം ദി ഗാര്‍ഡിയന്‍, അന്താരാഷ്ട്ര തലത്തില്‍ കേരളാ മോഡലിന് വീണ്ടും അംഗീകാരം

തിരുവനന്തപുരം: ലോകത്താകമാനം പടര്‍ന്നുപിടിച്ച് ജീവനുകള്‍ കവര്‍ന്നെടുത്തുകൊണ്ടിരിക്കുകയാണ് കൊറോണ വൈറസ്. അതിനിടെ മികച്ച പ്രതിരോധ പ്രവര്‍ത്തനം നടത്തി കൊറോണ മരണവും രോഗവ്യാപനവും വലിയ തോതില്‍ തടഞ്ഞ കേരളത്തെ പല ലോകരാജ്യങ്ങളും പ്രശംസിച്ചിരുന്നു.

ഇപ്പോഴിതാ കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനത്തെയും ആരോഗ്യ മന്ത്രിയെയും വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ബ്രിട്ടീഷ് മാധ്യമമായ ദി ഗാര്‍ഡിയന്‍. ആരോഗ്യ മന്ത്രി കെകെ ശൈലജയെ റോക്ക്സ്റ്റാര്‍ എന്നാണ് ഗാര്‍ഡിയന്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

കേരളത്തില്‍ 35 ദശലക്ഷം പേരാനുള്ളത്. എന്നാല്‍ നാല് പേര്‍ മാത്രമാണ് കൊറോണ ബാധിച്ച് മരിച്ചതെന്നും, ഇതിന് പ്രധാന കാരണം ആരോഗ്യമന്ത്രിയുടെ മികച്ച പ്രവര്‍ത്തനങ്ങളാണെന്നും ലേഖനത്തില്‍ പറയുന്നു. മെഡിക്കല്‍ ജേണലിസ്റ്റും എഴുത്തുകാരിയുമായി ലോറ സ്പിന്നിയാണ് ലേഖനം എഴുതിയിരിക്കുന്നത്.

മികച്ച കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അന്താരാഷ്ട്ര തലത്തില്‍ കേരളാ മോഡലിന് ലഭിക്കുന്ന അംഗീകാരം കൂടിയാണിത്. ലേഖനത്തില്‍ ആരോഗ്യ മന്ത്രി എന്തുകൊണ്ട് പ്രതിരോധ പ്രവര്‍ത്തനം മെച്ചപ്പെട്ടതെന്നും, തന്റെ ചെറുപ്പക്കാലവുമെല്ലാം വ്യക്തമാക്കുന്നുണ്ട്.

ബ്രിട്ടനിലെയും അമേരിക്കയിലെയും ജനസംഖ്യയും ജിഡിപിയും താരതമ്യം ചെയ്ത ലേഖനത്തില്‍ ഇതിന്റെ നാലിലൊന്ന് മാത്രമുള്ള കേരളത്തെ കൊറോണയെ പ്രതിരോധിച്ച് ദരിദ്ര രാജ്യങ്ങള്‍ക്ക് പോലും മാതൃകയാക്കാവുന്നതാണെന്ന് സ്പിന്നി ചൂണ്ടിക്കാട്ടുന്നു.

കൊറോണയുടെ അന്തക, റോക്ക്സ്റ്റാര്‍ എന്ന് ശൈലജയെ നിരവധി അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിശേഷിപ്പിച്ചതും ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. കൊറോണയെ തടയുന്നതിനായി കേരളം പരിശോധന, രോഗനിര്‍ണയം, ആളുകളുടെ ട്രേസിംഗ് എന്നിവയെല്ലാം ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോള്‍ അനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു.

കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെല്ലാം ലേഖനത്തില്‍ വിശദീകരിക്കുന്നുണ്ട്. ആരോഗ്യ രംഗത്ത് കേരള മോഡല്‍ ഇല്ലായിരുന്നെങ്കിലും, ഈ പ്രതിരോധ പ്രവര്‍ത്തനം സാധ്യമാകില്ലായിരുന്നുവെന്നും ലേഖനത്തില്‍ പറയുന്നുണ്ട്. നിലവില്‍ ഗാര്‍ഡിയന്റെ വെബ്സൈറ്റില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന ആദ്യ പത്ത് ലോകവാര്‍ത്തകളില്‍ മൂന്നാമതായാണ് ഈ ലേഖനം ലിസ്റ്റ് ചെയ്തിരിക്കുന്നത്.

Exit mobile version