തിരുവനന്തപുരം: സംസ്ഥാനത്തെ അധ്യയന വർഷം വൈകാതെ ആരംഭിക്കുമെന്ന സർക്കാർ തീരുമാനത്തിന് പിന്നാലെ സ്കൂളുകൾ തുറക്കരുതെന്ന് നിർദേശിച്ച് ആരോഗ്യവിദഗ്ധർ രംഗത്ത്. 2020-21 വർഷത്തെ അധ്യയനം ആരംഭിക്കുന്നത് രോഗലക്ഷണമില്ലാതെ രോഗം പടരുന്ന സാഹചര്യത്തിൽ അപകടകരമാകുമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ സാധാരണരീതിയിൽ ആരംഭിക്കുന്നത് അപകടകരമാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ വിദഗ്ധ സമിതി മുഖ്യമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
കുട്ടികളിൽ സാമൂഹിക അകലം പാലിക്കുക എന്നത് ബുദ്ധിമുട്ടാവുന്ന സാഹചര്യത്തിൽ ഓൺലൈൻ പഠനം സാധ്യമാക്കാനുള്ള സംവിധാനങ്ങളാണ് നിലവിൽ നല്ലതെന്നും ഐഎംഎയുടെ വിദഗ്ധ സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു.
ജൂൺ ഒന്നു മുതൽ സ്കൂളുകളിലും കോളേജുകളിലും ഓൺലൈൻ ആയി ക്ലാസുകൾ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞിരുന്നു. സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾ എത്തിയിട്ടുള്ള ക്ലാസുകൾ ആരംഭിക്കുന്നത് പിന്നീട് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു.
കുട്ടികൾ പലരും പല വീടുകളിൽ നിന്നും വരുന്നവരായിരിക്കും. സ്കൂളുകളിൽ ഒന്നിച്ചു ചേരുകയും ചെയ്യുമ്പോൾ അകലം പാലിക്കാൻ എത്രത്തോളം പറ്റും എന്ന് പറയാൻ സാധിക്കില്ല. ക്ലാസുകൾ തുറന്നു കഴിഞ്ഞാൽ അവിടെ വരുന്ന കുട്ടികളും അവരിടപഴകുന്ന കുടുംബം തുടങ്ങി വീണ്ടും രോഗ വ്യാപന സാധ്യത വർധിക്കും. ഈ സാഹചര്യത്തിലാണ് ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാൻ ഐഎംഎ നിർദേശിക്കുന്നതെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് എബ്രഹാം വർഗീസ് പ്രതികരിക്കുന്നു.
അതേസമയം ക്ലാസുകൾ തുറക്കണമെന്നുണ്ടെങ്കിൽ ഹൈസ്കൂളുകളിലെ കുട്ടികൾക്ക് രാവിലെയും ഉച്ചയ്ക്കും എന്ന കണക്കിൽ കുട്ടികളുടെ എണ്ണം കുറച്ച് ഷിഫ്റ്റ് സംവിധാനം ഏർപ്പെടുത്തുകയോ അതോ വീഡിയോ കോളിംഗ് സംവിധാനം ഏർപ്പെടുത്തുകയോ ചെയ്യാമെന്നും റിപ്പോർട്ടിൽ പറയുന്നു.
ചെറിയ കുട്ടികൾക്ക് രണ്ടുമാസംവരെയെങ്കിലും ക്ലാസുകൾ ആരംഭിക്കേണ്ടതില്ലെന്നും ഇത്തരം നിയന്ത്രണങ്ങൾ നിലവിലെ സാഹചര്യത്തിൽ കർശനമായി പാലിച്ച് പോകേണ്ടതുണ്ടെന്നും ഡോ. എബ്രഹാം വർഗീസ് പറഞ്ഞു.
Discussion about this post