തൃശ്ശൂർ: പാസില്ലാതെ വാളയാർ കടന്നെത്തിയ വ്യക്തിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ നിരീക്ഷണത്തിൽ പോയ കോൺഗ്രസ് ജനപ്രതിനിധികളുമായി സമ്പർക്കം പുലർത്തിയവരെ രണ്ടാം തല നിരീക്ഷണപട്ടികയിൽ നിന്നും ഒഴിവാക്കി. നിരീക്ഷത്തിൽ പേകേണ്ടവരുടെ പട്ടികയിൽനിന്ന് തൃശ്ശൂർ ജില്ലയിലെ രണ്ടാംതല സമ്പർക്കത്തിലുള്ളവരെയാണ് ഒഴിവാക്കിയത്. തൃശ്ശൂരിലെ മെഡിക്കൽ ബോർഡിന്റേതാണ് തീരുമാനം. അല്ലാത്തപക്ഷം ജില്ലയിലെ മിക്ക എംഎൽഎമാരും മന്ത്രിയും ചീഫ് വിപ്പും കളക്ടറും പോലീസ് കമ്മീഷണറും എസ്പിയും ഡിഎംഒയുമെല്ലാം നിരീക്ഷണത്തിൽ പോകേണ്ടിവരുമായിരുന്നു.
പാലക്കാട് ഡിഎംഒയുടെ റിപ്പോർട്ടുപ്രകാരം തൃശ്ശൂരിലെ ജനപ്രതിനിധികളായ ടിഎൻ പ്രതാപൻ എംപിയും അനിൽ അക്കര എംഎൽഎയും രമ്യ ഹരിദാസ് എംപിയും രോഗവ്യാപന സാധ്യത കുറഞ്ഞ പ്രാഥമികസമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
മന്ത്രി എസി മൊയ്തീനും ചീഫ് വിപ്പ് കെ രാജനും എംഎൽഎമാരായ കെവി അബ്ദുൾ ഖാദർ, ഗീതാ ഗോപി, ഇടി ടൈസൺ, വിആർ സുനിൽകുമാർ, ബിഡി ദേവസി, യുആർ പ്രദീപ് കുമാർ എന്നിവർ അനിൽ അക്കര എംഎൽഎയുമായി സമ്പർക്കം പുലർത്തിയിട്ടുണ്ട്.
മേയ് 12ന് തൃശ്ശൂർ കളക്ടറേറ്റിൽ എംഎൽഎമാർ പങ്കെടുത്ത കൊവിഡ് അവലോകനയോഗത്തിലാണ് ഇവരെല്ലാം പങ്കെടുത്തത്. കളക്ടർ, ഡിഎംഒ, കമ്മിഷണർ, എസ്പി, എഡിഎം, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ തുടങ്ങിയ ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. കോൺഗ്രസ് എംഎൽഎമാരോട് സമ്പർക്കം പുലർത്തിയ ബെന്നിബെഹ്നാൻ എംപിയോടും നിരീക്ഷണത്തിൽ പോകേണ്ടെന്ന് അറിയിച്ചിട്ടുണ്ട്.
നഴ്‌സസ് ദിനത്തിൽ ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളേജിലുമെത്തി ടിഎൻ പ്രതാപൻ നഴ്‌സുമാർക്കും ചില ഡോക്ടർമാർക്കും മധുരപലഹാരം നൽകിയിരുന്നുവെങ്കിലും രണ്ടാം സമ്പർക്കപ്പട്ടികയിലെ ആരേയും നിരീക്ഷണത്തിൽ വിടേണ്ടെന്നാണ് തീരുമാനം. ഇവർ സാമൂഹിക അകലം പാലിക്കണം.