തിരുവനന്തപുരം;സംസ്ഥാനത്ത് കൊവിഡ് ഹോട്ട് സ്പോട്ടുകളുടെ എണ്ണം 15 ആയി കുറഞ്ഞു. കണ്ണൂര്‍ 3, കാസര്‍കോട് 3, വയനാട് 7 കോട്ടയം തൃശ്ശൂര്‍ ഒന്ന് വീതവുമാണ് ഹോട്ട് സ്പോട്ടുകള്‍. ഇതോടെ സംസ്ഥാനത്തെ 9 ജില്ലകളില്‍ ഹോട്ട്സ്പോട്ട് പ്രദേശങ്ങള്‍ ഇല്ലാതായി. 34 ഹോട്ട് സ്പോട്ടില്‍ നിന്നാണ് 15 ആയി കുറഞ്ഞത്.
അതെസമയം സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചു വരികയാണ്. സംസ്ഥാനത്ത് ഇന്ന് 26 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കാസര്‍കോട് 10, മലപ്പുറം 5, പാലക്കാട്, വയനാട് മൂന്ന് വീതം, കണ്ണൂര്‍ രണ്ട്, പത്തനംതിട്ട, ഇടുക്കി കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ് രോഗബാധിതരുടെ കണക്കുകള്‍.
പോസിറ്റീവായ 14 പേര് പുറത്ത് നിന്ന് വന്നവരാണ്. ഏഴ് പേര് വിദേശത്ത് നിന്ന് വന്നവരാണ്. ചെന്നൈ രണ്ട്, മുംബൈ നാല്, ബെംഗളൂരു ഒന്ന് എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുടെ കണക്കുകള്‍. 11 പേര് സമ്പര്‍ക്കത്തിലൂടെയാണ് രോഗികളായത്. കാസര്‍കോട് ഏഴുപേര്‍ക്കും വയനാട് മൂന്നുപേര്‍ക്കും പാലക്കാട് ഒരാള്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
അതെസമയം മൂന്ന് പേര്‍ക്ക് രോഗം ഭേദമായി. കൊല്ലത്ത് രണ്ടുപേരും കണ്ണൂരില്‍ ഒരാളും നെഗറ്റീവായി. ഇതുവരെ 560 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 64 പേര് ഇപ്പോള്‍ ചികിത്സയിലാണ്. 36362 പേര് വീടുകളിലും 548 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് 174 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 40692 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. 39619 എണ്ണം നെഗറ്റീവാണ്.മുന്‍ഗണനാ വിഭാഗത്തിലെ 4347 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 4249 നെഗറ്റീവാണ്.
Discussion about this post