തിരുവനന്തപുരം: ബാറുകളിൽ നിന്നും മദ്യം പാഴ്സലായി നൽകുന്ന കൗണ്ടറുകൾ അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തിന് എതിരെ പ്രതിപക്ഷം. കൊവിഡിന്റെ മറവിൽ സർക്കാരിന്റെ കുത്തകയായിരുന്നു മദ്യത്തിന്റെ ചില്ലറ വിൽപന പൂർണ്ണമായും കൗശലപൂർവ്വവും സ്വകാര്യമേഖലയ്ക്ക് തീറെഴുതി കൊടുക്കുന്ന നടപടിയാണ് സർക്കാർ കൈക്കൊള്ളുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
മദ്യവിതരണ മേഖല സ്വകാര്യവത്കരിക്കുന്ന ഓർഡിനൻസ് ഉടൻ പിൻവലിക്കണമെന്നാണ് ചെന്നിത്തല ആവശ്യപ്പെടുന്നത്. തുടങ്ങാൻ പോവുന്ന ബാറുകളിലെ ചില്ലറ മദ്യവിൽപന ശാലയ്ക്ക് ലൈസൻസ് ഫീസ് അടക്കേണ്ടതില്ല. ഇത് വൻ അഴിമതിയാണ്. അണിയറയിൽ ബാർ മുതലാളിമാരുമായി ചേർന്ന ചർച്ചയുടെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ ഉത്തരവിറങ്ങിയിട്ടും മദ്യവിൽപന ശാലകൾ തുറക്കേണ്ടെന്ന തീരുമാനം സർക്കാർ കൈക്കൊണ്ടതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
സംസ്ഥാനസർക്കാരിന്റെ കുത്തകയായിരുന്ന മദ്യവിൽപന സ്വകാര്യ വ്യക്തികൾക്ക് നൽകുന്നത് ബിവറേജസ് കോർപ്പറേഷൻ അടച്ചു പൂട്ടുന്ന അവസ്ഥയിലെത്തിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
Discussion about this post