പാലക്കാട്: അതിർത്തിയിൽ പാസില്ലാതെ എത്തുന്നവരേയും കേരളത്തിലേക്ക് കടത്തിവിടണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യാൻ പാലക്കാട് വാളയാർ അതിർത്തിയിലേക്ക് പോയ എല്ലാവരോടും ക്വാറന്റൈനിൽ പ്രവേശിക്കണമെന്ന് ജില്ലാഭരണകൂടം ആവശ്യപ്പെട്ടു. പാലക്കാട് കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുമായി ഇടപഴകിയ കോൺഗ്രസ് ജനപ്രതിനിധികളോടാണ് 14 ദിവസം ഹോം ക്വാറന്റൈനിൽ പ്രവേശിക്കാൻ നിർദേശിച്ചിരിക്കുന്നത്.
കൊവിഡ് രോഗിയുമായി സാമൂഹ്യ അകലം പാലിക്കാതെ അടുത്തിടപഴകിയ എംപിമാരായ വികെ ശ്രീകണ്ഠൻ, രമ്യ ഹരിദാസ്, ടിഎൻ പ്രതാപൻ, എംഎൽഎമാരായ ഷാഫി പറമ്പിൽ, അനിൽ അക്കര എന്നിവരോടാണ് ക്വാറന്റൈനിൽ പ്രവേശിക്കാൻ നിർദേശം നൽകിയത്.
വാളയാർ അതിർത്തിയിൽ ഉണ്ടായിരുന്ന പോലീസുകാർ, പൊതുപ്രവർത്തകരും, മാധ്യമപ്രവർത്തകരും 14 ദിവസത്തേക്ക് ഹോം ക്വാറന്റൈയിനിൽ പ്രവേശിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്.
ഈ മാസം എട്ടിന് ചെന്നൈയിൽനിന്ന് യാത്ര തിരിച്ച മലപ്പുറം സ്വദേശി ഒമ്പതിന് രാവിലെ വാളയാർ അതിർത്തിയിലെത്തി. ശനിയാഴ്ച വൈകിട്ടോടെ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തിലും അയാൾ പങ്കെടുത്തു. രാത്രി വൈകി ഇയാൾക്കും ഒപ്പം എത്തിയ സംഘത്തിലെ കോഴിക്കോട് സ്വദേശിക്കും രോഗലക്ഷണം കണ്ടു. ഇരുവരേയും ആംബുലൻസിൽ ഉടൻ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് രോഗം സ്ഥിരീകരിക്കുകയായിരുന്നു. കോൺഗ്രസ്സ് നടത്തിയ സമരത്തിൽ സാമൂഹിക അകലം ഉൾപ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടിരുന്നില്ല.
Discussion about this post