തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റാവുമെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ന്യൂനമര്‍ദം ശനിയാഴ്ചയോടെ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ‘ഉംപണ്‍’ എന്ന് പേരിട്ടിരിക്കുന്ന ഈ ചുഴലിക്കാറ്റ് കേരളത്തെ നേരിട്ടുബാധിക്കാന്‍ സാധ്യതയില്ലെങ്കിലും ഇതിന്റെ സ്വാധീനത്തില്‍ സംസ്ഥാനത്ത് 17 വരെ ശക്തമായ മഴ പെയ്യുമെന്നാണ് അറിയിപ്പ്. മഴയ്ക്ക് പുറമെ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇന്ന് ഇടുക്കി, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും സമീപത്തെ തെക്കന്‍ അന്തമാന്‍ കടലിലുമാണ് ന്യൂനമര്‍ദം രൂപപ്പെട്ടത്. ഇത് വെള്ളിയാഴ്ചയോടെ ശക്തമാവുമെന്നാണ് മുന്നറിയിപ്പ്. ശനിയാഴ്ച വൈകുന്നേരത്തോടെ ഇത് തെക്കുപടിഞ്ഞാറ്, മധ്യപടിഞ്ഞാറ് ഭാഗങ്ങളില്‍ ചുഴലിക്കാറ്റായി മാറും. ആദ്യം വടക്കുപടിഞ്ഞാറേക്കും പിന്നീട് നേരെ വളഞ്ഞ് തെക്കുകിഴക്ക് ദിശയിലും നീങ്ങും. ഈ ന്യൂനമര്‍ദം തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന്റെ വരവിന് അനുകൂലമാകും.
അതേസമയം കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യത ഉള്ളതിനാല്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനം വിലക്കിയിരിക്കുകയാണ്. 15, 16 തീയതികളില്‍ ബംഗാള്‍ ഉള്‍ക്കടലും അന്തമാനിലെ കടലും പ്രക്ഷുബ്ധമാവുമെന്നും മത്സ്യബന്ധനത്തിന് പോയവര്‍ തിരികെവരണമെന്നുമാണ് അധികൃതര്‍ അറിയിച്ചത്.