തിരുവനന്തപുരം: വിമാനത്തിന് പിന്നാലെ ട്രെയിനിലും കേരളത്തിലേക്ക് യാത്രക്കാര്‍ എത്തുന്നു. കൊറോണയുടെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം ഡല്‍ഹിയില്‍ നിന്നുള്ള ആദ്യ ട്രെയിന്‍ ഇന്ന് കേരളത്തിലെത്തും. റെയില്‍വേ സ്റ്റേഷനുകളില്‍ യാത്രക്കാര്‍ക്ക് ആരോഗ്യപരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
പരിശോധന നടത്തിയ ശേഷമേ യാത്രക്കാരെ പുറത്തുവിടുകയുള്ളൂ. ട്രെയിനിന് കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്. രാത്രി കോഴിക്കോടാണ് കേരളത്തിലെ ആദ്യത്തെ സ്റ്റോപ്പ്. നാളെ പുലര്‍ച്ചെ അഞ്ചരയോടെ ട്രെയിന്‍ തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനിലെത്തും.
തിരുവനന്തപുരത്തേക്ക് 700 യാത്രക്കാരുണ്ടാകുമെന്നാണ് ജില്ലാഭരണകൂടത്തിന്റെ നിഗമനം. ആരോഗ്യ പരിശോധന നടത്തിയ ശേഷമേ യാത്രക്കാരെ പുറത്തുവിടൂ. തിരുവനന്തപുരത്ത് നിന്ന് യാത്രക്കാരുമായി ഡല്‍ഹിയിലേക്കുള്ള ട്രെയിന്‍ നാളെ യാത്ര തിരിക്കും.
യാത്രക്കാരെ 20 അംഗ സംഘമായി തിരിച്ചാകും പരിശോധന. 15 ടേബിള്‍ പരിശോധനക്കായി ഒരുക്കിയിട്ടുണ്ട്. ഓണ്‍ലൈനില്‍ അപേക്ഷിച്ച പാസില്ലാത്തവരെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. അതേസമയം, പാസുള്ളവര്‍ വീട്ടില്‍ കര്‍ശന നിരീക്ഷണത്തില്‍ കഴിയണം.
യാത്രക്കാരില്‍ തമിഴ്‌നാട്ടിലേക്ക് പോകേണ്ടവരെ തമിഴ്‌നാട് ബസില്‍ അയക്കും. യാത്രക്കാരെ സ്വീകരിക്കാന്‍ എത്തുന്ന വാഹനത്തില്‍ ഡ്രൈവര്‍ മാത്രമേ പാടുള്ളൂ. ഇതിനുള്ള പാസ് ഓണ്‍ലൈനായി വാങ്ങണം. ഇതര ജില്ലകളിലേക്ക് പോകുന്നവര്‍ക്കായി കെ.എസ്.ആര്‍.ടി.സി ബസ് സൗകര്യമുണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.