വയനാട്: റിസോര്‍ട്ടുകളില്‍ ആദിവാസികള്‍ക്ക് ക്വാറന്റൈന്‍ സൗകര്യം നല്‍കില്ലെന്ന് നിലപാട് എടുത്ത വയനാട്ടിലെ റിസോര്‍ട്ട് ഉടമകള്‍ക്ക് എതിരെ നടപടി എടുത്ത് ജില്ല ഭരണകൂടം. വയനാട് വൈത്തിരി പത്താം മൈല്‍ സില്‍വര്‍ വുഡ്‌സ് റിസോര്‍ട്ട് ഉടമകളാണ് ആദിവാസികള്‍ക്ക് ക്വാറന്റൈന്‍ സൗകര്യം നല്‍കില്ലെന്ന് നിലപാടെടുത്തത്.
തുടര്‍ന്ന് റിസോര്‍ട്ട് ഉടമയെയും മാനേജരെയും അറസ്റ്റ് ചെയ്ത് റിസോര്‍ട്ട് ഏറ്റെടുക്കാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടു. ജനറല്‍ കാറ്റഗറി ആളുകള്‍ക്ക് സൗകര്യം ഒരുക്കണമെന്ന് പറഞ്ഞാണ് റിസോര്‍ട്ട് അധികൃതര്‍ ആദിവാസികള്‍ക്ക് അവസരം നിഷേധിച്ചത്.
ആദിവാസികള്‍ക്ക് ക്വാറന്റൈന്‍ സൗകര്യം നല്‍കാന്‍ കഴിയില്ലെന്ന് റിസോര്‍ട്ട് അധികൃതര്‍ അറിയിച്ചതോടെ കുടകില്‍ നിന്ന് വന്നവര്‍ക്ക് ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നില്ല. കുടകില്‍ നിന്ന് വന്ന 18 പേരെയാണ് റിസോര്‍ട്ട് അധികൃതര്‍ റിസോര്‍ട്ടിലേക്ക് കയറ്റാതെയിരുന്നത്. രാവിലെ മുതല്‍ ഈ ആദിവാസികള്‍ ക്വാറന്റൈന്‍ സൗകര്യം ലഭിക്കാതെ റിസോര്‍ട്ടിന് പുറത്തു കാത്തു നില്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് വിവരമറിഞ്ഞ് ജില്ലാ ഭരണകൂടം വിഷയത്തില്‍ ഇടപെട്ടത്.