കാലവര്‍ഷം എത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഇടുക്കി ഡാമില്‍ 45 ശതമാനം വെള്ളം; മുന്‍ വര്‍ഷത്തെക്കാള്‍ 17 അടി കൂടുതല്‍;ഡാമുകളിലെല്ലാം 10 ശതമാനത്തോളം അധികജലം

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം എത്താന്‍ മൂന്നാഴ്ച മാത്രം ബാക്കിയുള്ളപ്പോള്‍ ഇടുക്കി ഡാമിലെ നിലവിലെ ജലനിരപ്പ് കഴിഞ്ഞ വര്‍ഷത്തെ ഈ സമയത്തേക്കാളും 17 അടി വെള്ളം കൂടുതല്‍. കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണില്‍ വൈദ്യുതോപയോഗം കുറഞ്ഞത് കൊണ്ട് വൈദ്യുതോല്‍പാദനവും കുറഞ്ഞിരുന്നു. ഇതാണ് ജലനിരപ്പിന്റെ ഉയര്‍ച്ചയ്ക്ക് കാരണം.

സംസ്ഥാനത്തെ മറ്റ് അണക്കെട്ടുകളില്‍ 35 ശതമാനത്തോളം വെള്ളമുണ്ട്.. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 10 ശതമാനം അധിക ജലമാണ് സംസ്ഥാനത്തെ കെഎസ്ഇബി അണക്കെട്ടുകളിലുള്ളത്. ഇടുക്കി ഡാമില്‍ ഇപ്പോള്‍ 45 ശതമാനം വെള്ളമാണുള്ളത്.

ഈ വര്‍ഷവും പ്രളയസാധ്യത തള്ളാനാകില്ലെന്ന് കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നുനില്‍ക്കുന്നത് ആശങ്കയുണ്ടാക്കുന്നതായി പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. അണക്കെട്ടുകളിലെ ജലനിരപ്പ് അടിയന്തരമായി താഴ്ത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ 8 പ്രമുഖ പരിസ്ഥിതി, പുഴ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ സര്‍ക്കാരിന് നിവേദനം നല്‍കിയിട്ടുണ്ട്.

ഈ വര്‍ഷം മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. പ്രളയ സാധ്യതയും വിദഗ്ധര്‍ തള്ളിക്കളഞ്ഞിട്ടില്ല. പ്രളയമുണ്ടായ 2018 ല്‍ കെഎസ്ഇബിയുടെ അണക്കെട്ടുകളില്‍ ഇതേ ദിവസം 33 ശതമാനം വെള്ളമാണ് ഉണ്ടായിരുന്നത്.

Exit mobile version