വയനാട്: കൊവിഡ് ഹോട്സ്പോട്ടില് ഇഫ്താര്‍ വിരുന്ന് ഒരുക്കിയ 20 പേര്‍ക്കെതിരെ കേസ്. ചൊവ്വാഴ്ച വൈകീട്ട് ഹോട്സ്പോട്ടായ നെന്മേനി പഞ്ചായത്തിലെ അമ്മായിപ്പാലത്താണ് ഇഫ്താര്‍ വിരുന്ന് നടത്തിയത്. അമ്പലവയല്‍ പോലീസ് ആണ് കേസെടുത്തത്. പ്രതികള്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഗ്രീന്‍ സോണില്‍ ഉള്‍പ്പെട്ടിരുന്ന വയനാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഇപ്പോള്‍ കുത്തനെ കൂടുകയാണ്. നിലവില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ളതും വയനാട്ടിലാണ്. ചെന്നൈയില്‍ വന്‍തോതില്‍ രോഗവ്യാപനമുണ്ടായ കോയമ്പേട് മാര്‍ക്കറ്റില്‍ പോയി വന്നവരും, അതില്‍ ഒരാളുമായി സമ്പര്‍ക്കത്തിലായവരുമടക്കം എട്ടുപേര്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്.
കൂടാതെ 16 പേര് രോഗലക്ഷണങ്ങളോടെ ആശുപത്രിയിലും നിരീക്ഷണത്തിലുമാണ്. ഏപ്രില്‍ മാസം കോയമ്പേട് മാര്‍ക്കറ്റില്‍ ചരക്കെടുക്കാന്‍ പോയ മാനന്തവാടി സ്വദേശിയായ ലോറി ഡ്രൈവറില്‍നിന്ന് ഇതുവരെ ആറ് പേരിലേക്കാണ് രോഗം പടര്‍ന്നത്. ഇയാളുടെ 11 മാസം മാത്രം പ്രായമുള്ള പേരക്കുട്ടിയും 84 വയസ്സുള്ള അമ്മയും ഉള്‍പ്പടെയാണ് രോഗം ബാധിച്ചത്.
ഇവരുമായി സമ്പര്‍ക്കത്തിലായവരടക്കം 1855 പേര് ജില്ലയില്‍ നിരീക്ഷണത്തിലുമാണ്. ജില്ലയില്‍ തിരുനെല്ലി, എടവക, മാനന്തവാടി പഞ്ചായത്തുകളുടെ എല്ലാ വാര്‍ഡുകളും, അമ്പലവയല്‍, മീനങ്ങാടി, വെള്ളമുണ്ട, നെന്മേനി പഞ്ചായത്തിലെ ചില വാര്‍ഡുകളും നിലവില്‍ ഹോട്സ്പോട്ടുകളുമാണ്.
Discussion about this post