സംസ്ഥാനത്തെ കള്ള് ഷാപ്പുകള്‍ ഇന്ന് മുതല്‍ തുറക്കും; പാഴ്‌സലായി ഒരാള്‍ക്ക് ഒന്നര ലിറ്റര്‍ കള്ള് മാത്രം

തിരുവനന്തപുരം: കര്‍ശന നിയന്ത്രണങ്ങളോടെ സംസ്ഥാനത്തെ കള്ള് ഷാപ്പുകള്‍ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. ഷാപ്പില്‍ ഇരുന്ന് കുടിക്കാന്‍ ആരെയും അനുവദിക്കില്ല. ഒരാള്‍ക്ക് പാഴ്‌സലായി പരമാവധി ഒന്നര ലിറ്റര്‍ കള്ള് മാത്രമേ നല്‍കുകയുള്ളൂ. ഷാപ്പില്‍ ഒരു സമയം അഞ്ച് പേര്‍ മാത്രമേ ക്യൂവില്‍ പാടുള്ളൂവെന്ന കര്‍ശന നിര്‍ദേശവുമുണ്ട്.

സംസ്ഥാനത്ത് ഇന്ന് 3,590 കള്ള് ഷാപ്പുകളാണ് തുറന്ന് പ്രവര്‍ത്തിക്കുന്നത്. രാവിലെ 9 മുതല്‍ രാത്രി 7 മണി വരെയാണ് പ്രവര്‍ത്തന സമയം. കള്ള് വാങ്ങാന്‍ പോകുന്നവര്‍ കൈയില്‍ കുപ്പി കരുതണം. ഷാപ്പില്‍ ഇരുന്ന് കുടിക്കാന്‍ ആരെയും അനുവദിക്കില്ല. ഷാപ്പില്‍ ഇരുന്നുള്ള കള്ളുകുടി അനുവദിച്ചാല്‍ ശാരീരിക അകലം പാലിക്കാന്‍ കഴിയില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്.

അതേസമയം കള്ള് ഷാപ്പിലെ തൊഴിലാളികളുടെ എണ്ണം പരിമിതപ്പെടുത്തണം. തൊഴിലാളികളും കള്ള് വാങ്ങാന്‍ എത്തുന്നവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും ഷാപ്പില്‍ സാനിറ്റൈസര്‍ ഉറപ്പാക്കണമെന്നും എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.

Exit mobile version