കൊച്ചി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാലിദ്വീപില്‍ കുടുങ്ങിയ 202 യാത്രക്കാരെ വഹിച്ചു കൊണ്ടുള്ള നാവികസേനയുടെ ഐഎന്‍എസ് മഗര്‍ കൊച്ചി തുറമുഖത്തെത്തി.
ഓപ്പറേഷന് സമുദ്രസേതുവിന്റെ ഭാഗമായി നടക്കുന്ന രണ്ടാം സമുദ്ര രക്ഷ ദൗത്യത്തില്‍ 15 സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ആണ് സുരക്ഷിതമായി മടങ്ങിയെത്തിയത്.
44 മണിക്കൂര്‍ നീണ്ട യാത്രയ്ക്കൊടുവില്‍ 202 യാത്രക്കാരുമായി വൈകുന്നേരം 5.45 ഓടെയാണ് കപ്പല്‍ കൊച്ചിയില്‍ എത്തിയത്.
ഗര്‍ഭിണികളും വൈദ്യസഹായം ആവശ്യമുള്ളവരുമായ 18 പേരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇമിഗ്രേഷന്‍ കസ്റ്റംസ് നടപടികള്‍ക്കും വൈദ്യ പരിശോധനയ്ക്കും വിധേയരാക്കിയ ശേഷം യാത്രക്കാരെ പ്രത്യേകം തയ്യാറാക്കിയ വാഹനത്തില്‍ നിരീക്ഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റി.
എട്ട് ജില്ലകളില്‍ നിന്നുള്ളവരെ അതാത് ജില്ലാ കേന്ദ്രങ്ങളിലാണ് നിരീക്ഷണത്തിലാക്കിയത്. തമിഴ്നാട്ടുകാരായ യാത്രക്കാരെ പ്രത്യേക വാഹനത്തില്‍ നാട്ടിലേയ്ക്ക് അയച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൊച്ചിയില്‍ തന്നെയാണ് നിരീക്ഷണം ഒരുക്കിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ കപ്പലുകള്‍ യാത്രക്കാരുമായി കൊച്ചി തുറമുഖത്തേയ്ക്ക് എത്തിച്ചേരും.
കാക്കനാട് ആഷിയാന ലേഡീസ് ഹോസ്റ്റല്‍, കളമശേരി രാജഗിരി ഹോസ്റ്റല്‍ എന്നിവിടങ്ങളില്‍ ആണ് നിരീക്ഷണ സൗകര്യം ഒരുക്കിയിട്ടുള്ളത്. രോഗലക്ഷണമുള്ളവരെ കരുവേലിപ്പടി മഹാരാജാസ് ഹോസ്പിറ്റലില്‍ ആണ് പ്രവേശിപ്പിക്കുന്നത്.
കേരളത്തിലെ വിവിധ ജില്ലകളില്‍ ഉള്ള യാത്രക്കാര്‍ക്കായി കെഎസ്ആര്‍ടിസി ബസുകളും ക്രമീകരിച്ചിട്ടുണ്ട്. അവരെ അതാത് ജില്ലകളിലെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റും.
തിരുവനന്തപുരം (17) കൊല്ലം (11), പത്തനംതിട്ട (4)കോട്ടയം (7) ആലപ്പുഴ (7) ഇടുക്കി (5) എറണാകുളം (6) തൃശ്ശൂര്‍ (10) മലപ്പുറം (2) പാലക്കാട് (5) കോഴിക്കോട് (5)കണ്ണൂര്‍ (6) വയനാട് (4) കാസര്‍ഗോഡ് (2) എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണം.
Discussion about this post