തിരുവനന്തപുരം: കൊവിഡ് ജാഗ്രതയുടെ സാഹചര്യത്തില്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാ മൂല്യനിര്‍ണ്ണയം വീടുകളില്‍ നടത്താന്‍ അധ്യാപകര്‍ക്ക് സൗകര്യം ഒരുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. നാളെ(13-5-2020) മുതല്‍ മൂല്യ നിര്‍ണ്ണയ ക്യാമ്പുകള്‍ നടത്താനുള്ള സര്‍ക്കാരിന്റെ തീരുമാനം പിന്‍ലിക്കണമെന്നും സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സിബിഎസ്ഇ പരീക്ഷാ പേപ്പറുകളുടെ മൂല്യനിര്‍ണ്ണത്തിന് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നടപടികള്‍ കേരളം മാതൃകയാക്കുകയാണ് വേണ്ടത്. ഉത്തരക്കടലാസുകള്‍ അധ്യാപകരുടെ വീടുകളിലെത്തിച്ചാണ് മൂല്യനിര്‍ണ്ണയം നടത്തുന്നത്. ഉത്തരക്കടലാസുകള്‍ സുരക്ഷിതമായി അധ്യാപകരുടെ വീടുകളിലെത്തിച്ച് അവിടെവച്ച് മൂല്യനിര്‍ണ്ണയം നടത്തി അധ്യാപകരില്‍ നിന്ന് തിരിച്ചെടുക്കാനുള്ള സംവിധാനമാണ് സര്‍ക്കാര്‍ ഒരുക്കേണ്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കൊവിഡ് ഭീഷണി നേരിടുന്ന സമയത്ത് അധ്യാപകരെ ഒരുമിച്ചിരുത്തി മൂല്യനിര്‍ണ്ണയ ക്യാമ്പുകള്‍ ആരംഭിക്കുന്നത് ഗുരുതര പ്രതിസന്ധി സൃഷ്ടിക്കും. ഇത് രോഗവ്യാപനത്തിന് വഴിയൊരുക്കും. ഓരോ ക്യാമ്പിലും 400ഉം 500ഉം അധ്യാപകരാണ് എത്തേണ്ടത്. ഇത്തരത്തിലുള്ള നൂറോളം ക്യാമ്പുകളാണ് കേരളത്തില്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാ മൂല്യനിര്‍ണ്ണയത്തിനായി നാളെ (13-5-2020) മുതല്‍ പ്രവര്‍ത്തിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
രാവിലെ 8 മണിമുതല്‍ 5 മണിവരെയാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുക. പൊതുഗതാഗത സംവിധാനങ്ങളൊന്നും തുടങ്ങാത്ത സാഹചര്യത്തില്‍ അധ്യാപകര്‍ എങ്ങനെ ക്യാമ്പുകളിലെത്തണമെന്നതിനെ കുറിച്ചും വ്യക്തതയില്ല. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വാളയാര്‍ അതിര്‍ത്തിയിലുള്‍പ്പടെ നിരവധി അധ്യാപകര്‍ ജോലി ചെയ്യുന്നുണ്ട്.
സര്‍ക്കാരിന്റെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലടക്കം അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. ഇത്തരത്തില്‍ ജോലിചെയ്യുന്നവര്‍ കൂടിയാണ് മൂല്യ നിര്‍ണ്ണയത്തിനെത്തേണ്ടത്. സാമൂഹ്യ അകലം പാലിക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ മൂല്യനിര്‍ണ്ണയ ക്യാമ്പുകളില്‍ സാധ്യമല്ലാത്തതിനാല്‍ രോഗവ്യാപനത്തിനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. മൂല്യനിര്‍ണ്ണയക്യാമ്പുകള്‍ വേണ്ടെന്ന് വച്ച് ബദല്‍ സംവിധാനങ്ങള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
മൂല്യനിര്‍ണ്ണയം മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ പ്രതിപക്ഷ അധ്യാപക സംഘടനയും രംഗത്ത് എത്തിയിരുന്നു. കെഎച്ച്എസ്ടിയു, എച്ച്എസ്എസ്ടിഎ തുടങ്ങിയ സംഘടനകളാണ് ആവശ്യവുമായി രംഗത്ത് വന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പൊതുവിദ്യാഭ്യാസ വകുപ്പിനും സംഘടനകള്‍ കത്ത് നല്‍കിയിട്ടുണ്ട്.
Discussion about this post