തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കാലങ്ങളായുള്ള ദേശീയ പാത വികസനത്തിന് അനുമതി തേടിയുള്ള കാത്തിരിപ്പിന് ഒടുവിൽ കേന്ദ്ര സർക്കാരിന്റെ പ്രതീക്ഷയുടെ പച്ചക്കൊടി. തലപ്പാടി മുതൽ ചെങ്കള വരെയുള്ള നവീകരണ പദ്ധതിക്ക് അംഗീകാരം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതോടൊപ്പം കേരളത്തിന്റെ ആവശ്യം പരിഗണിച്ച കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരിക്ക് മുഖ്യമന്ത്രി നന്ദിയും പറഞ്ഞു.
ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തി തലപ്പാടി മുതൽ ചെങ്കള വരെയുള്ള 39 കിലോമീറ്ററിൽ 45 മീറ്റർ വീതിയിൽ ആറ് വരിയിലാണ് റോഡ് നിർമിക്കുക. ടെൻഡർ നടപടിയടക്കമുള്ള കാര്യങ്ങൾക്ക് ഉടൻ തുടക്കമിടാനാവുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി അറിയിച്ചു.
1968 കോടി രൂപ 84 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. രണ്ടര വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി 35.66 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടി വരും. ഇതിനായി 683 കോടി 80 ലക്ഷമാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ 25 ശതമാനം സംസ്ഥാനം വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. തലപ്പാടി മുതൽ കഴക്കൂട്ടം വരെയുള്ള 521.81 കിലോമീറ്ററിലുള്ള ദേശീയ പാത വികസനമാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ഇതിൽ ഇപ്പോൾ അംഗീകാരം ലഭിച്ചത് അടക്കം എട്ട് പദ്ധതികൾക്ക് ഈ വർഷം തുടക്കമിടാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
18 കിലോമീറ്ററുള്ള തലശ്ശേരി-മാഹി ബൈപ്പാസ്, 28.6 കിലോമീറ്റർ നീളമുള്ള കോഴിക്കോട് ബൈപ്പാസ് എന്നിവയുടെ പണികളും പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ തൊഴിൽ നഷ്ടപ്പെടുന്നവർക്ക് നിരവധി തൊഴിൽ അവസരം കൂടി ഈ പദ്ധതി ആരംഭിക്കുന്നതിലൂടെ ലഭിക്കും. കേരളത്തിന്റെ അടിസ്ഥാന വികസനത്തിനും വ്യാവസായികമായ പുരോഗതിക്കും ഇത് മുതൽക്കൂട്ടാകുമെന്നും തുടർ പദ്ധതികൾക്ക് അംഗീകാരം ലഭിക്കാനുള്ള ശ്രമം സർക്കാർ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
Discussion about this post