തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിൽപ്പനശാലകൾ തുറക്കുമ്പോൾ വില കൂട്ടിയേക്കാമെന്ന് സൂചന. നികുതി വർധിപ്പിക്കാൻ സർക്കാർ ആലോചനയുള്ളതിനാലാണ് വിലയിൽ വർധനവുണ്ടാവുക. മദ്യത്തിന് നികുതി വർധിപ്പിക്കുന്ന കാര്യത്തിൽ മന്ത്രിസഭായോഗം ബുധനാഴ്ച തീരുമാനമെടുക്കും. വിലകൂടിയ മദ്യത്തിന് 35 ശതമാനവും വില കുറഞ്ഞതിന് 10 ശതമാനവും നികുതി വർധനയ്ക്കാണ് ശുപാർശയുള്ളത്. ഇതോടെ ഒരു കുപ്പി മദ്യത്തിന് 50 രൂപ വരെ വില വർധിച്ചേക്കും.
സാമൂഹിക അകലം പാലിക്കാതെ ഒരുമിച്ച് ഇരുന്നുള്ള മദ്യപാനം ആപത്തായതിനാൽ ബാറുകളിലും ബിയർ പാർലറുകളിലും മദ്യം കുപ്പിയായും വിറ്റേക്കുമെന്നും സൂചനയുണ്ട്. തിരക്കൊഴിവാക്കാൻ ബാറുകളും ഔട്ട്ലെറ്റുകളുമുൾപ്പെടെയുള്ള രണ്ടായിരത്തിലേറെ കൗണ്ടറുകളിലൂടെ മദ്യം വിൽക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്.
സംസ്ഥാനത്തുള്ള 265 ബവ്കോ ഔട്ട്ലെറ്റുകൾ, 40 കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകൾ, 605 ബാറുകൾ, 339 ബിയർ വൈൻ പാർലറുകൾ ഇവയിലെ രണ്ടു കൗണ്ടറുകളിൽ കൂടി മദ്യം വിൽക്കുമ്പോൾ ഒരേ സമയം രണ്ടായിരത്തിലേറെ കൗണ്ടറുകളിൽ നിന്നു മദ്യം പാഴ്സലായി ലഭിക്കും.
അതേസമയം, മദ്യം വാങ്ങുന്നതിന് ടോക്കൺ ഏർപ്പെടുത്താനുള്ള ബെവ്കോയുടെ മൊബൈൽ ആപ്പിന്റെ കാര്യത്തിൽ ഉടൻ തീരുമാനമാകും. ബെവ്കോയുടെ മൊബൈൽ ആപ്പിൽ ബാറുകളേയും പാർലറുകളേയും ഉൾപ്പെടുത്താനുള്ള ശ്രമം നടക്കുന്നുണ്ട്.
മദ്യശാലകൾ തുറന്നാൽ വലിയ തിരക്ക് ഉണ്ടാകുമെന്നതാണ് തുറക്കാനുള്ള തീരുമാനം സർക്കാർ വൈകിക്കുന്നത്. ഇത് മറുകടക്കാൻ ബവ്കോ, കൺസ്യൂമർ ഫെഡ് ഔട്ട്ലെറ്റുകൾ, ബാറുകൾ, ബിയർ വൈൻ പാർലറുകൾ എന്നിവയിലൂടെ മദ്യവും ബിയറും പാഴ്സലായി നൽകാനാണ് സർക്കാർ ആലോചിക്കുന്നത്. ബിയർ, വൈൻ പാർലറുകൾ വഴി മദ്യം ലഭിക്കില്ല.
ഒരു കുപ്പി മദ്യത്തിൽ ബെവ്കോയ്ക്കു ലഭിക്കുന്ന 20 ശതമാനം ലാഭം ബാറുകൾക്കും പാർലറുകൾക്കും ലഭിക്കും. എന്നാൽ ഇവിടെ ഇരുന്നുള്ള മദ്യപാനം അനുവദിക്കില്ല. ഇതോടൊപ്പം, ഒരേ സമയം അഞ്ചു പേരെ മാത്രമേ മദ്യം വാങ്ങാൻ അനുവദിക്കൂ. സാമൂഹിക അകലം പാലിക്കണം.
Discussion about this post