തിരുവനന്തപുരം: ലോക്ക്ഡൗണ്‍ സംബന്ധിച്ചുള്ള സംസ്ഥാനത്തിന്റെ അഭിപ്രായങ്ങള്‍ കേന്ദ്ര സര്‍ക്കാറിന് ഉടന്‍ സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കഴിഞ്ഞ ദിവസം നടന്ന വീഡിയോ കോണ്‍ഫറന്‍സില്‍ ലോക്ക് ഡൗണ്‍ സംബന്ധിച്ച സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. മെയ് 15ന് മുമ്പ് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാനായിരുന്നു നിര്‍ദേശം.
സംസ്ഥാനത്തിനകത്ത് ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ആഭ്യന്തര വിമാനസര്‍വീസ് അനുവദിക്കണമെന്നും സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടും. സംസ്ഥാനത്തിനകത്ത് പാസഞ്ചര്‍ ട്രെയിന്‍ അനുവദിക്കണം. എന്നാല്‍ മുംബൈ, അഹമ്മദാബാദ്, ഡല്‍ഹി, ചെന്നൈ, ബാംഗ്ലൂര്‍ തുടങ്ങിയ നഗരങ്ങളില്‍ നിന്ന് സംസ്ഥാനത്തേക്ക് നോണ്‍ സ്റ്റോപ്പ് ട്രെയിനുകള്‍ അനുവദിക്കണം. കര്‍ശന സുരക്ഷാ വ്യവസ്ഥയോടെ മെട്രോ സര്‍വീസ് അനുവദിക്കണമെന്ന് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജില്ലക്കകത്ത് ബസ് സര്‍വീസ് അനുവദിക്കാം. യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തി കര്‍ശന നിയന്ത്രണത്തോടെയായിരിക്കണം ബസ് സര്‍വീസ്. യാത്രക്കാരുടെ എണ്ണം കുറവാകുമെന്നതിനാല്‍ ടിക്കറ്റ് നിരക്കില്‍ വര്‍ധനവ് വേണ്ടി വരും. അതേസമയം, ജില്ല വിട്ടുള്ള സര്‍വീസിന് സമയമായിട്ടില്ല. സുരക്ഷാ മാനദണ്ഡം ലംഘിച്ചാല്‍ പെര്‍മിറ്റ് റദ്ദാക്കും. വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ ഗ്രാമ നഗരങ്ങള്‍ വ്യത്യാസമില്ലാതെ ആരംഭിക്കണം.
കര്‍ശന വ്യവസ്ഥയോടെ ഓട്ടോറിക്ഷ അനുവദിക്കണം. യാത്രക്കാരുടെ എണ്ണം ഒന്നാക്കി നിജയപ്പെടുത്തണം. കുടുംബാഗങ്ങള്‍ സഞ്ചരിക്കുകയാണെങ്കില്‍ മാത്രം ഇതില്‍ ഇളവ് അനുവദിക്കാം. ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍ പുനരാരംഭിക്കണം. ശാരീരിക അകലം പാലിച്ച് റെസ്റ്റോറന്റുകള്‍ തുറക്കാന്‍ അനുവദിക്കാം. നിര്‍മ്മാണ പ്രവര്‍ത്തനം വേഗത്തില്‍ നടക്കണം. ഇതിനാവശ്യമായ വസ്തുക്കള്‍ ലഭ്യമാക്കും. മഴക്ക് മുന്‍പ് പരമാവധി നിര്‍മ്മാണം നടക്കണം. തൊഴിലുറപ്പ് പദ്ധതി കാര്‍ഷിക വൃത്തിക്ക് ബാധകമാക്കണം എന്ന് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.