നായര്‍ സമുദായവും മാറും; ബിജെപി എന്നു കേള്‍ക്കുമ്പോള്‍ പഴയ ഭയമില്ലെന്ന് എന്‍എസ്എസ് പ്രസിഡന്റ്

എന്‍എസ്എസ് രാഷ്ട്രീയ സമവാക്യങ്ങള്‍ മാറ്റിയെഴുതിയേക്കുമെന്ന സൂചന നല്‍കി പ്രസിഡന്റ് പിഎന്‍ നരേന്ദ്രനാഥന്‍ നായര്‍.

ചെങ്ങന്നൂര്‍: എന്‍എസ്എസ് രാഷ്ട്രീയ സമവാക്യങ്ങള്‍ മാറ്റിയെഴുതിയേക്കുമെന്ന സൂചന നല്‍കി പ്രസിഡന്റ് പിഎന്‍ നരേന്ദ്രനാഥന്‍ നായര്‍. ബിജെപി എന്ന് കേള്‍ക്കുമ്പോള്‍ ഇപ്പോള്‍ ഭയമില്ലെന്നും ഒരു രാഷ്ട്രീയ പ്രത്യയ ശാസ്ത്രങ്ങളിലും വിശ്വാസമില്ലാതിരുന്ന യാഥാസ്ഥിതികരായ നായര്‍ സമുദായാംഗങ്ങള്‍ മാറി ചിന്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എന്‍എസ്എസിന്റെ മുദ്രാവാക്യം സമദൂരമാണ്. എന്നാല്‍ ആചാരാനുഷ്ഠാനങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ ചെറുക്കും. നിരീശ്വരവാദം അടിച്ചേല്‍പ്പിക്കാനുള്ള നീക്കം വിലപ്പോവില്ല.

ശബരിമല വിഷയത്തില്‍ ചില പാര്‍ട്ടികളുടെ സമരം പ്രസ്താവനകളിലും ജാഥകളിലും ഒതുങ്ങി. സന്നിധാനത്ത് ആചാരലംഘനം നടത്താനെത്തിയ സ്ത്രീകളെ തടയാന്‍ കഴിഞ്ഞതു കുറച്ചുപേര്‍ മുന്നില്‍ പോയി കിടന്ന് തല്ലുകൊണ്ടിട്ടാണ്.

ബിജെപി നേതാവ് കെ സുരേന്ദ്രനെ ഇപ്പോള്‍ അറസ്റ്റ് ചെയ്ത് ജയിലിലിട്ടിരിക്കുകയാണ്. അദ്ദേഹം എന്ത് തെറ്റ് ചെയ്തതിന്റെ പേരിലാണ് ഇത്. ആര്‍എസ്എസ്, ബിജെപി എന്നൊക്കെ കേള്‍ക്കുമ്പോള്‍ മുന്‍പ് ഭയമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതില്ല.വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് എന്തിനാണ് ഇത്ര ധൃതിയെന്നും അദ്ദേഹം ചോദിച്ചു.

പുലിയൂര്‍ ശ്രീകൃഷ്ണ വിലാസം എന്‍എസ്എസ് കരയോഗ മന്ദിരത്തിന്റെ സമര്‍പ്പണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Exit mobile version