കോഴിക്കോട്: സംസ്ഥാനത്ത് നാളെ മുതല്‍ ഹയര്‍ സെക്കന്‍ഡറി മൂല്യ നിര്‍ണ്ണയ ക്യാമ്പുകള്‍ തുടങ്ങാനുള്ള ഉത്തരവിനെതിരെ പ്രതിപക്ഷ അധ്യാപക സംഘടനകള്‍. അധ്യാപകര്‍ ഒരുമിച്ചിരുന്ന് മൂല്യനിര്‍ണയം നടത്തുന്നത് രോഗവ്യാപനത്തിന് കാരണമാകുമെന്നാണ് പ്രതിപക്ഷ അധ്യാപക സംഘടനകളുടെ പരാതി.
എസ്എസ്എല്‍സി മൂല്യ നിര്‍ണ്ണയമടക്കം മാറ്റി വെച്ച സാഹചര്യത്തില്‍ ഹയര്‍ സെക്കന്‍ഡറി മൂല്യ നിര്‍ണ്ണയവും മാറ്റി വയ്ക്കണമെന്നാണ് കെഎച്ച്എസ്ടിയു, എച്ച്എസ്എസ്ടിഎ തുടങ്ങിയ സംഘടനകളുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പൊതുവിദ്യാഭ്യാസ വകുപ്പിനും സംഘടനകള്‍ കത്ത് നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്താകെ ഹയര്‍സെക്കന്‍ഡി വിഭാഗത്തില്‍ 92 മൂല്യനിര്‍ണയ ക്യാമ്പുകളാണുളളത്. ഇതില്‍ ഇരുപതിനായിരത്തിലേറെ അധ്യാപകര്‍ പങ്കെടുക്കേണ്ടി വരും. ഒരു ക്യാമ്പുകളില്‍ കുറഞ്ഞത് 300 അധ്യാപകര്‍ ഉണ്ടാകും. ഇത്രയും അധികം അധ്യാപകര്‍ ഒരുമിച്ചിരുന്ന ജോലി ചെയ്യുന്നത് രോഗ വ്യാപനത്തിന് കാരണമാകും, കൂടാതെ പൊതുഗതാഗത സംവിധാനം ഇല്ലാത്തതിനാല്‍ ക്യാമ്പുകളില്‍ എത്തുക പ്രായോഗികമല്ലെന്നും അധ്യാപകര്‍ പറയുന്നു.
ലോക്ക് ഡൗണ്‍ മൂലം ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ മൂന്ന് പരീക്ഷകള്‍ നടത്താനായിട്ടില്ല. ഈ പരീക്ഷകള്‍ 22 ന് ശേഷം നടത്താനാണ് ധാരണ. പരീക്ഷകള്‍ പോലും പൂര്‍ത്തിയാകും മുമ്പ് മൂല്യനിര്‍ണയം തിരക്കിട്ട് തുടങ്ങേണ്ട സാഹചര്യമെന്തെന്ന് അധ്യാപകര്‍ ചോദിക്കുന്നു.
Discussion about this post