കളിക്ക് കൂട്ടിയില്ല, സഹോദരിയുടേയും കൂട്ടുകാരികളുടെയും പേരില്‍ പോലീസ് മാമന് പരാതി നല്‍കി എട്ടു വയസ്സുകാരന്‍, അറസ്റ്റ് ചെയ്യണമെന്ന് വാശി, ഒടുവില്‍ പ്രശ്‌നം പരിഹരിച്ച് പോലീസ്

കോഴിക്കോട്: കളിക്കുകൂട്ടാത്തതിന്റെ പേരില്‍ സഹോദരിയെയും കൂട്ടുകാരികളെയും ബന്ധുക്കളുമായ നാലുപേരെയും അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് എട്ടു വയസ്സുകാരന്‍ പോലീസിന് പരാതിനല്‍കി. കസബ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ യു.പി. ഉമേഷ്, കെ.ടി. നിറാസ് എന്നിവര്‍ അവസാനം മധ്യസ്ഥശ്രമം നടത്തി എട്ടുവയസ്സുകാരന്റെ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തി.

പത്തുവയസ്സുള്ള സഹോദരിയും കൂട്ടുകാരികളും കളിക്കുകൂട്ടാത്തതില്‍ വിഷമത്തിലായിരുന്നു മൂന്നാംക്ലാസ്സുകാരന്‍. വീടിന് മുന്നിലൂടെ നടന്നുപോയ ജനമൈത്രി പോലീസുകാരെ പരാതി ഏല്‍പ്പിക്കുകയായിരുന്നു. ഇംഗ്ലീഷിലാണ് പരാതി എഴുതിയത്. അഞ്ചുപേരെയും പെട്ടെന്നുതന്നെ അറസ്റ്റുചെയ്യണമെന്ന് പരാതിയില്‍ കുട്ടി ആവശ്യപ്പെട്ടു.

ഞായറാഴ്ചയാണ് പരാതി നല്‍കിയത്. പരാതിയില്‍ സഹോദരി ഉള്‍പ്പെടെ അഞ്ചുപേരുടെയും പ്രായവും പേരും ഒപ്പം പരാതിക്കാരന്റെ പൂര്‍ണമേല്‍വിലാസവും കൃത്യമായി കുറിച്ചിട്ടുണ്ടായിരുന്നു.പരാതി ലഭിച്ചതോടെ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ പോലീസുകാരും തീരുമാനിച്ചു.

ഉടന്‍ തന്നെ പരാതിക്കാരനെയും സഹോദരി ഉള്‍പ്പെടെയുള്ള അഞ്ചുപേരെയും രക്ഷിതാക്കളുടെ സഹായത്തോടെ കസബ സ്റ്റേഷനില്‍ വിളിച്ചുവരുത്തി. ശേഷം വിവരങ്ങള്‍ തിരക്കി. തന്നെ കളിക്ക് കൂട്ടുന്നില്ലെന്നും ചേച്ചിയുള്‍പ്പെടെയുള്ളവര്‍ കളിയാക്കുകയാണെന്നും പരാതിക്കാരന്‍ പോലീസിനോട് പറഞ്ഞു.

സഹോദരി, അയല്‍വാസികള്‍കൂടിയായ പതിന്നാലുവയസ്സുള്ള രണ്ടുപേര്‍, പതിനെട്ടുകാരിയും പതിനഞ്ചുകാരിയുമായ രണ്ടുപേര്‍ എന്നിവരെ അറസ്റ്റുചെയ്യണമെന്നും പ്രദേശത്തെത്താറുള്ള പോലീസ് മാമന്‍മാര്‍ തന്റെ ആവശ്യം ഉടന്‍ പരിഹരിച്ചുതരണമെന്നും പരാതിക്കാരന്‍ വാശി പിടിച്ചു.

അവസാനം പോലീസ് മധ്യസ്ഥശ്രമം നടത്തി പ്രശ്‌നം പരിഹരിക്കാന്‍ തീരുമാനിച്ചു. പരാതിക്കാരനെയും സഹോദരിയെയും കൂട്ടുകാരികളെയും ഒന്നിച്ചിരുത്തി ‘ഉടമ്പടി’യുണ്ടാക്കി. കളിക്ക് കൂട്ടാമെന്നും കളിയാക്കില്ലെന്നും പോലീസുകാരുടെ സാന്നിധ്യത്തില്‍ ഉറപ്പുലഭിച്ചതോടെ പരാതിക്കാരന് സന്തോഷമായി. ശേഷം രക്ഷിതാക്കള്‍ക്കും സഹോദരിക്കുമൊപ്പം കുട്ടി വീട്ടിലേക്ക് മടങ്ങി.

Exit mobile version