എടപ്പാള്‍: വൈദ്യുത തൂണില്‍ പെയിന്റടിച്ച് പരസ്യം എഴുതുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി കേരളാ പോലീസും വൈദ്യുതി വകുപ്പും രംഗത്ത്. കേരള പോലീസ് ആക്ട് 120-പ്രകാരം എഴുതുന്നവര്‍ക്കെതിരേ കേസെടുക്കാനും 5000- രൂപ വരെ പിഴയീടാക്കാനുമാണ് നീക്കം. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ വൈദ്യുതത്തൂണുകളില്‍ കയറുന്നതിനിടയില്‍ വഴുതിവീണ് ലൈന്മാന്മാര്ക്ക് അപകടം പറ്റുന്നത് പതിവ് കാഴ്ച ആയതോടെയാണ് കര്‍ശന നടപടിയ്ക്ക് ഒരുങ്ങുന്നത്.
ഇതുസംബന്ധിച്ച് വൈദ്യുതി ബോര്‍ഡിന്റെ പരാതിപ്രകാരം സംസ്ഥാന സേഫ്റ്റി കമ്മിഷന് കര്‍ശന നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു. വൈദ്യുതത്തൂണുകളില്‍ പെയിന്റടിച്ച് പരസ്യമോ രാഷ്ട്രീയപ്പാര്‍ട്ടികളുടെ ചിഹ്നമോ പരിപാടികളോ എഴുതുന്നവര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് വൈദ്യുതിബോര്‍ഡ് പോലീസിനോടും ആവശ്യപ്പെട്ടിരുന്നു. ഇത്തരം കാലുകള്‍ കണ്ടെത്തി അവയുടെ ചിത്രവും വീഡിയോയും ശേഖരിച്ചശേഷമായിരിക്കും നടപടി ഉണ്ടാവുക.
സ്ഥാപനങ്ങളുടെയാണെങ്കില് ഉടമക്കെതിരേയും പാര്ട്ടികളുടെയാണെങ്കില് ആ സ്ഥലത്തെ പ്രാദേശിക നേതാക്കള്‍ക്കെതിരേയുമാണ് നടപടിയുണ്ടാവുക. നേരത്തെ ഒരാള്‍പ്പൊക്കത്തില്‍ മാത്രമായിരുന്നു പെയിന്റടിച്ചിരുന്നതെങ്കില് ഇപ്പോള്‍ വൈദ്യുതത്തൂണിന്റെ പകുതിയോളം ഉയരത്തില്‍ പെയിന്റടിച്ച് പരസ്യമെഴുതുന്ന രീതിയിലേക്ക് കാര്യങ്ങള്‍ വളര്‍ന്നതായി വൈദ്യുതി വകുപ്പുദ്യോഗസ്ഥര്‍ പറയുന്നു. താഴെമാത്രമാണെങ്കില് വീണാലും അത്രവലിയ അപകടം സംഭവിച്ചിരുന്നില്ല. ഇതാണ് നടപടി കര്‍ശനമാക്കാന്‍ കാരണം.
Discussion about this post