തിരുവനന്തപുരം: ഔദ്യോഗിക പ്രസിദ്ധീകരണത്തില്‍ വന്ന വര്‍ഗീയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് പിഎസ്സി. ഏപ്രില്‍ 15ന് പുറത്തിറങ്ങിയ സമകാലികം പംക്തിയിലെ പരാമര്‍ശം വര്‍ഗീയമാണെന്ന ആക്ഷേപം ഉയര്‍ന്നതിന് പിന്നാലെയാണ് ഖേദപ്രകടനം.
പിഴവിന് കാരണമായ ഉദ്യോഗസ്ഥരെ ചുമതലയില്‍ നിന്ന് നീക്കിയതായും പിഎസ്സി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും പിഎസ്സി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. ലോക്ക്ഡൗണ്‍ കാലയളവില്‍ ഓഫീസ് പ്രവര്‍ത്തനത്തിന് പരിമിതികള്‍ ഏറെയുണ്ടായി എങ്കിലും ബുള്ളറ്റിനില്‍ കടന്നുകൂടിയ ഗുരുതരമായ പിഴവിന് യാതൊരു നീതീകരണവുമില്ലെന്നും പിഎസ്സി വ്യക്തമാക്കി.
ഡല്‍ഹിയില്‍ നടന്ന തബ്ലീഗ് സമ്മേളനം കൊവിഡ് പരത്തി എന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള പരാമര്‍ശമാണ് ബുള്ളറ്റിനില്‍ വന്നത്. ഇതിനെതിരെ വിവിധ വിദ്യാര്‍ഥി സംഘടനകള്‍ ഇന്ന് പിഎസ്സി ഓഫീസ് ഉപരോധിച്ചിരുന്നു. ഇതിന് പിന്നാലെ എഡിറ്റോറിയല്‍ വിഭാഗത്തിലെ മൂന്ന് ജീവനക്കാര്‍ക്ക് എതിരെ നടപടി സ്വീകരിച്ചിരുന്നു.
ഫേസ്ബുക്ക് പോസ്റ്റ്:
അറിയിപ്പ്..
PSC ബുള്ളറ്റിനിന്റെ 2020 ഏപ്രില്‍ 15 ലക്കത്തിലെ സമകാലികം പംക്തിയില്‍ കോവിഡ് 19മായി ബന്ധപ്പെട്ട് അനുചിതവും വസ്തുതാവിരുദ്ധവുമായ വിവരം ഉള്‍പ്പെട്ടതില്‍ PSC നിര്‍വ്യാജം ഖേദിക്കുന്നു. വിവിധ മാധ്യമ വിശകലനങ്ങളെ അടിസ്ഥാനമാക്കിയാണ് സാധാരണ നിലയില്‍ ‘സമകാലികം’ പംക്തി തയാറാക്കുന്നത്. ലോക്ക്ഡൗണ്‍ കാലയളവില്‍ ഓഫീസ് പ്രവര്‍ത്തനത്തിന് പരിമിതികള്‍ ഏറെയുണ്ടായി എങ്കിലും ബുള്ളറ്റിനില്‍ കടന്നുകൂടിയ ഗുരുതരമായ പിഴവിന് യാതൊരു നീതീകരണവുമില്ല. ഈ സാഹചര്യത്തില്‍ വിവാദപരമായതും വസ്തുതാവിരുദ്ധവുമായ പരാമര്‍ശം PSC ബുള്ളറ്റിനിലെ സമകാലികം പംക്തിയിലെ 19ആം ഇനമായി ഉള്‍പ്പെടുന്നതിനു കാരണക്കാരായ PSC പബ്ലിക് റിലേഷന്‍സ് വിഭാഗത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ PSC ബുള്ളറ്റിനിന്റെ പ്രസിദ്ധീകരണ ചുമതലയില്‍ നിന്നും ഒഴിവാക്കുന്നതിനും അവര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ സ്വീകരിക്കുന്നതിനും കമീഷന് തീരുമാനിച്ചിട്ടുണ്ട്. വസ്തുതാവിരുദ്ധമായ വിവരം PSC ബുള്ളറ്റിന് 2020 ഏപ്രില്‍ 15 ന്റെ ലക്കത്തില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്.
സെക്രട്ടറി
കേരള പബ്ലിക് സര്‍വീസ് കമ്മീഷന്
Discussion about this post