കൊവിഡ് മുക്തമായിരുന്ന കാസര്‍കോട് വീണ്ടും രോഗം; ഇന്ന് നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

തൃശ്ശൂര്‍: ചികിത്സയിലുണ്ടായിരുന്ന കൊവിഡ് രോഗികള്‍ എല്ലാം ആശുപത്രി വിട്ടതോടെ കൊവിഡ് മുക്തമായിരുന്ന കാസര്‍കോട് ജില്ലയില്‍ വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് നാല് പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ നിന്നും വന്നവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ചികിത്സയിലുണ്ടായിരുന്ന അവസാനത്തെ കൊവിഡ് രോഗിക്കും രോഗം ഭേദമായതോടെ ഇന്നലെ ജില്ല കൊവിഡ് മുക്തമായിരുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലയായിരുന്നു കാസര്‍കോട്. ഇന്നലെ വരെ 178 പേര്‍ക്കായിരുന്നു ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഒരാളെ പോലും മരണത്തിന് വിട്ടുകൊടുക്കാതെ എല്ലാവരെയും ചികിത്സിച്ച് ഭേദമാക്കി, ചികിത്സയിലുണ്ടായിരുന്ന അവസാന രോഗിയുടെ ഫലവും ഇന്നലെ നെഗറ്റീവ് ആയതോടെയാണ് ജില്ല കൊവിഡ് മുക്തമായി മാറിയത്.

അതെസമയം പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നു തുടങ്ങി. സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 27,986 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 27,545 പേര്‍ വീടുകളിലും 441 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

Exit mobile version