പോലീസുകാരെ അഭിനന്ദിച്ച് കത്തെഴുതി രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി; സമ്മാനങ്ങളുമായി വീട്ടിലെത്തി നന്ദി അറിയിച്ച് പോലീസുകാരും

മലപ്പുറം: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തില്‍ രാവും പകലുമില്ലാതെ ഉണും ഉറക്കവും ഉപേക്ഷിച്ച് പ്രവര്‍ത്തിക്കുന്ന പോലീസുകാരെ അഭിനന്ദനം അറിയിച്ച് കത്തെഴുതിയ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് സമ്മാനങ്ങളുമായി കേരളാ പോലീസ്.

എടയൂര്‍ പൂക്കാട്ടിരി സഫ സ്‌കൂളിലെ ഇഷ മെഹ്റിന്‍ നാലകത്താണ് തപാല്‍വകുപ്പ് നടപ്പാക്കിയ ‘കൊവിഡിനെ പ്രതിരോധിക്കുന്ന പോരാളികള്‍ക്ക് കത്തെഴുതൂ’ എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വളാഞ്ചേരി പോലീസിനെ അഭിനന്ദിച്ചുകൊണ്ട് കത്തയച്ചത്. കുളമംഗലം ബാവപ്പടിയിലുള്ള നാലകത്ത് നൂറുല്‍ ആബിദിന്റെയും ബേബി ഷഹ്നാസിന്റെയും മകളാണ് ഇഷ മെഹ്റിന്‍. കത്ത് ലഭിച്ച വളാഞ്ചേരി പോലീസ് എസ്എച്ച്ഒ എംകെ ഷാജിയുടെ നേതൃത്വത്തില്‍ പോലീസുകാര്‍ ഇഷയുടെ വീട്ടിലെത്തി സമ്മാനങ്ങള്‍ നല്‍കുകയായിരുന്നു.

കത്ത് കിട്ടിയപ്പോള്‍ സന്തോഷം തോന്നിയെന്നും സമൂഹത്തില്‍നിന്നു കിട്ടുന്ന ഇത്തരം അഭിനന്ദനങ്ങള്‍ തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ക്ക് കരുത്തും അര്‍പ്പണബോധവും വര്‍ധിപ്പിക്കുമെന്നും എംകെ ഷാജി പറയുന്നു. സ്പെഷ്യല്‍ ബ്രാഞ്ച് പോലീസ് ഓഫീസര്‍ നസീര്‍ തിരൂര്‍ക്കാട്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജെറിഷ്, മനോജ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

Exit mobile version