മലപ്പുറം: മലപ്പുറം ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് അബുദാബിയില്‍ നിന്നെത്തിയ അങ്ങാടിപ്പുറം സ്വദേശിയായ യുവാവിന്. മെയ് ഏഴിനാണ് ഇയാള്‍ അബുദാബിയില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്.
ഇയാള്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതോടെ സംസ്ഥാനത്ത് തിരിച്ചെത്തി കോവിഡ് സ്ഥിരീകരിച്ച മലപ്പുറം സ്വദേശികളുടെ എണ്ണം മൂന്നായി.
കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ച കോട്ടക്കല്‍ ചാപ്പനങ്ങാടി സ്വദേശി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എടപ്പാള്‍ നടുവട്ടം സ്വദേശി കളമശ്ശേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയില്‍ തുടരുന്നുണ്ട്. ഇതില്‍ ചാപ്പനങ്ങാടി സ്വദേശി ദുബായില്‍ നിന്നും നടുവട്ടം സ്വദേശി അബുദാബിയില്‍ നിന്നും മെയ് ഏഴിന് തന്നെ തിരിച്ചെത്തിയവരാണ്.
അബുദാബിയിലെ മുസഫയില്‍ സ്വകാര്യ കമ്പനിയിലെ ട്രാന്‍സ്പോര്‍ട്ട് കോ-ഓര്‍ഡിനേറ്ററാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ച അങ്ങാടിപ്പുറം സ്വദേശി. കഴിഞ്ഞ രണ്ട് മാസമായി മുസഫയിലെ ലേബര്‍ ക്യാമ്പിലായിരുന്നു താമസം. ഏപ്രില്‍ 27 മുതല്‍ ഇയാള്‍ക്ക് കഫക്കെട്ട് അനുഭവപ്പെട്ടിരുന്നു.
മെയ് ഏഴിന് അബുദബിയില്‍ നിന്നുപുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രത്യേക വിമാനത്തില്‍ രാത്രി നെടുമ്പാശ്ശേരിയിലെത്തി. വിമാനത്താവളത്തിലെ പരിശോധനകള്‍ക്ക് ശേഷം മെയ് എട്ടിന് പുലര്‍ച്ചെ ഒരു മണിയ്ക്ക് മലപ്പുറം സ്വദേശികളായ മറ്റ് 13 പേര്‍ക്കൊപ്പം പ്രത്യേകം ഏര്‍പ്പെടുത്തിയ കെഎസ്ആര്‍ടിസി ബസില്‍ യാത്ര തിരിച്ച് പുലര്‍ച്ചെ 4.15 ന് തേഞ്ഞിപ്പലത്തെകോഴിക്കോട് സര്‍വകലാശാല ഇന്റര്‍നാഷണല്‍ ഹോസ്റ്റലിലെ കോവിഡ് കെയര്‍ സെന്ററിലെത്തി.
ഉച്ച തിരിഞ്ഞ് 2.30 ന് മൂക്കടപ്പ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പിന്റെ പ്രത്യേക നിര്‍ദേശപ്രകാരം 108 ആംബുലന്‍സില്‍ വൈകീട്ട് 7.05 ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ കേന്ദ്രത്തിലെത്തിച്ചു. തുടര്‍ന്ന് സാമ്പിളെടുത്ത് പരിശോധനയ്ക്ക് അയച്ചു. ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇയാള്‍ക്ക് വിദഗ്ധ ചികിത്സ ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.
ഇതോടെ മലപ്പുറം ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 23 ആയി. മെയ് ഒമ്പതിന് രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശികളായ പ്രവാസികള്‍ കോഴിക്കോട്, കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ ചികിത്സയിലായതിനാല്‍ ഇവര്‍ മലപ്പുറം ജില്ലയിലെ കോവിഡ് ബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 21 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ രോഗം ഭേദമായത്. ഇതില്‍ കീഴാറ്റൂര്‍ പൂന്താനം സ്വദേശി തുടര്‍ ചികിത്സയിലിരിക്കെ മരിച്ചു. 20 പേര് രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. നാല് മാസം പ്രായമുള്ള കുട്ടി മാത്രമാണ് രോഗബാധിതയായി ചികിത്സയിലിരിക്കെ മരിച്ചത്.
Discussion about this post