ബംഗളൂരു: കോവിഡിന്റെ പേരില്‍ ബംഗളൂരുവിലെ ആശുപത്രികള്‍ ചികിത്സ നിരസിച്ചതോടെ മലയാളി യുവതി ഓട്ടോയില്‍ പ്രസവിച്ചു. കണ്ണൂര്‍ പഴയങ്ങാടി സ്വദേശിനിയായ 27കാരിക്കാണ് ദുരനുഭവമുണ്ടായത്.
ബംഗളൂരു ഗോരേപാളയയില്‍ താമസിക്കുന്ന ഇവര്‍ പ്രസവവേദനയെത്തുടര്‍ന്നു ഇന്നലെ രാത്രിയിലാണ് അമ്മയ്ക്കും സഹോദരനുമൊപ്പം ആശുപത്രിയിലേയ്ക്ക് തിരിച്ചത്. കോവിഡ് പ്രശ്‌നം പറഞ്ഞു പല ആശുപത്രികളും യുവതിയെ അഡ്മിറ്റ് ചെയ്യാന്‍ തയ്യാറായില്ല. കോവിഡ് മൂലം പുതിയ രോഗികളെ എടുക്കുന്നില്ലെന്നായിരുന്നു മറുപടി.
തുടര്‍ന്ന് മറ്റൊരാശുപത്രിയില്‍ എത്തിയെങ്കിലും ഇതേ മറുപടി തന്നെ ലഭിച്ചു. 5 ആശുപത്രികളില്‍ പോയെങ്കിലും എല്ലായിടത്തു നിന്നും തിരിച്ചയച്ചു. ഒടുവില്‍ വഴിമധ്യേ സിദ്ധാപുരയില്‍ വച്ച് ഓട്ടോറിക്ഷയ്ക്കുള്ളില്‍ പ്രസവിക്കുകയായിരുന്നു.
പിന്നാലെ മലയാളി സംഘടനകളുടെ സഹായത്തോടെ ബംഗളൂരു കിംസ് ആശുപത്രിയില്‍ യുവതിയെ പ്രവേശിപ്പിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നെന്നും, ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
Discussion about this post