കൊച്ചി: ജനങ്ങൾ ലോക്ക് ഡൗൺ കാരണം തൊഴിലെടുക്കാനാകാതെ പലവിധത്തിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതിനിടെ ഇടവകയ്ക്ക് കീഴിലുള്ള കുടുംബങ്ങൾക്ക് ആയിരം രൂപ വീതം ധനസഹായം നൽകാനൊരുങ്ങി പള്ളി വികാരി. ഇടവകയുടെ സമ്പത്ത് വിശ്വാസികളുടെ നേർച്ചയും അധ്വാനവുമാണെന്ന് വ്യക്തമാക്കിയ പള്ളി വികാരി ഇടവകയുടെ ഫണ്ടിൽ നിന്ന് 1000 രൂപ വീതം എല്ലാ കുടുംബങ്ങൾക്കും നൽകുന്ന വിവരം നോട്ടീസിലൂടെ അറിയിക്കുകയായിരുന്നു. എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലുള്ള കറുകുറ്റി കരയാമ്പറമ്പ് സെന്റ് ജോസഫ് പള്ളി പുറത്തിറക്കിയ സർക്കുലർ സമൂഹമാധ്യമങ്ങളിലടക്കം വൈറലായിട്ടുണ്ട്.
കൊവിഡ്19 പശ്ചാത്തലത്തിൽ സർക്കും സഭയും ഒരുമിച്ചാണ് നീങ്ങുന്നതെന്നും ഇക്കാര്യത്തിൽ എല്ലാവർക്കും നന്ദി അറിയിക്കുന്നതായും ഇടവക വികാരിയായ വൈദികൻ സർക്കുലറിൽ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ പള്ളിയുടെ സമ്പത്തിൽ നിന്ന് ഒരു വിഹിതം എല്ലാവർത്തും തുല്യമായി വീതിക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നും ഇടവകയിലെ 532 കുടുംബങ്ങൾക്കും ആയിരം രൂപ വീതം നൽകാൻ തീരുമാനിച്ചതായും വൈദികൻ വ്യക്തമാക്കി.
ഇതിനാവശ്യമായ തുകയിൽ മൂന്ന് ലക്ഷം രൂപ പള്ളിയുടെ സെൻട്രൽ കമ്മിറ്റി ചാരിറ്റി അക്കൗണ്ടിൽ നിന്നും ബാക്കി തുക ഇടവക അക്കൗണ്ടിൽ നിന്നും കണ്ടെത്തുമെന്നും വൈദികൻ വ്യക്തമാക്കി. ആർക്കെങ്കിലും ഈ തുക ആവശ്യമില്ലെന്ന് തോന്നിയാൽ അറിയിക്കണമെന്നും ഇത് ഇടവകയിലെ ക്ലേശം അനുഭവിക്കുന്ന കുടുംബങ്ങൾക്കായി രണ്ടാമത്തെ വിഹിതമായി നൽകാമെന്നും സർക്കുലറിൽ അറിയിച്ചിട്ടുണ്ട്.
മേയ് ആറാം തീയതി കൂടിയ ഇടവക കൗൺസിൽ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തതെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സർക്കുലറിൽ വ്യക്തമാക്കുന്നത്. തീരുമാനങ്ങളെ വിശാലമനസ്സോടെ കാണണമെന്ന് പറഞ്ഞാണ് സർക്കുലർ അവസാനിക്കുന്നത്. അതേസമയം, ഈ സർക്കുലറിൽ ഇടവക വികാരിയുടെ പേരോ കമ്മിറ്റി ഭാരവാഹികളുടെ വിശദാംശങ്ങളോ നൽകിയിട്ടില്ല.
Discussion about this post