‘കവിത മോഷ്ടിച്ചവള്‍ എന്നൊരു തസ്തിക കൂടി ഇന്ന് പുതുതായി ലഭിച്ചിട്ടുണ്ട്,ഒരു സര്‍വ്വീസ് മാസികയുടെ താളില്‍ ഒരു കവിത മോഷ്ടിച്ചു നല്‍കി എഴുത്തുകാരിയാകാന്‍ മോഹിക്കുന്ന ഒരാളാണ് ഞാനെന്ന് വിശ്വസിക്കുന്നവര്‍ അങ്ങനെ വിശ്വസിക്കുക… തെളിവുകളാണല്ലോ സുപ്രധാനം’; ആരോപണങ്ങളോട് പ്രതികരിച്ച് ദീപ നിശാന്ത്

കവി എസ് കലേഷിന്റെ 'അങ്ങനെയിരിക്കെ മരിച്ചുപോയ് ഞാന്‍/ നീ' എന്ന കവിത മോഷ്ടിച്ച് വികലമാക്കി മാഗസിനില്‍ പ്രസിദ്ധീകരിച്ചെന്നാണ് ദീപ നിശാന്തിനെതിരെയുളള ആരോപണം

തൃശൂര്‍: എസ് കലേഷിന്റെ കവിത മോഷ്ടിച്ചു എന്ന വിവാദത്തിന് മറുപടിയുമായി ദീപാ നിശാന്ത് ഒരു കവിത മോഷ്ടിച്ചു നല്‍കി എഴുത്തുകാരിയാകാന്‍ മോഹിക്കുന്ന ഒരാളാണ് താനെന്ന് വിശ്വസിക്കുന്നവര്‍ അങ്ങനെ വിശ്വസിക്കാമെന്ന് ദീപ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

‘കവിത മോഷ്ടിച്ചവള്‍ എന്നൊരു തസ്തിക കൂടി ഇന്ന് പുതുതായി ലഭിച്ചിട്ടുണ്ട്. എസ് കലേഷ് മുന്‍പെഴുതിയ ഒരു കവിത ഞാന്‍ മോഷ്ടിച്ച് പ്രസിദ്ധീകരിച്ചു എന്നാണ് ഒരുപാട് പേര്‍ ആര്‍ത്തുവിളിക്കുന്നത്. കിട്ടിയ സന്ദര്‍ഭം മുതലാക്കി മുന്‍പു മുതലേ എന്റെ നിലപാടുകളില്‍ അമര്‍ഷമുള്ളവരും ആഘോഷം തുടങ്ങിയിട്ടുണ്ട്. അവസരം മുതലാക്കി ആര്‍പ്പുവിളിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. ഒരു സര്‍വ്വീസ് മാസികയുടെ താളില്‍ ഒരു കവിത മോഷ്ടിച്ചു നല്‍കി എഴുത്തുകാരിയാകാന്‍ മോഹിക്കുന്ന ഒരാളാണ് ഞാനെന്ന് വിശ്വസിക്കുന്നവര്‍ അങ്ങനെ വിശ്വസിക്കുക. തെളിവുകളാണല്ലോ സുപ്രധാനം’ എന്ന് ദീപ നിശാന്ത് കുറിച്ചു.

ദീപ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കവിത മോഷ്ടിച്ചവള്‍ എന്നൊരു തസ്തിക കൂടി ഇന്ന് പുതുതായി ലഭിച്ചിട്ടുണ്ട്. എസ് കലേഷ് മുന്‍പെഴുതിയ ഒരു കവിത ഞാന്‍ മോഷ്ടിച്ച് പ്രസിദ്ധീകരിച്ചു എന്നാണ് ഒരുപാട് പേര്‍ ആര്‍ത്തുവിളിക്കുന്നത്. കിട്ടിയ സന്ദര്‍ഭം മുതലാക്കി മുന്‍പു മുതലേ എന്റെ നിലപാടുകളില്‍ അമര്‍ഷമുള്ളവരും ആഘോഷം തുടങ്ങിയിട്ടുണ്ട്. അവസരം മുതലാക്കി ആര്‍പ്പുവിളിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. ഒരു സര്‍വ്വീസ് മാസികയുടെ താളില്‍ ഒരു കവിത മോഷ്ടിച്ചു നല്‍കി എഴുത്തുകാരിയാകാന്‍ മോഹിക്കുന്ന ഒരാളാണ് ഞാനെന്ന് വിശ്വസിക്കുന്നവര്‍ അങ്ങനെ വിശ്വസിക്കുക. തെളിവുകളാണല്ലോ സുപ്രധാനം. ചില എഴുത്തുകള്‍ക്കു പുറകിലെ വൈകാരികപരിസരങ്ങളെ നമുക്ക് അക്കമിട്ട് നിരത്തി തെളിയിക്കാനാകില്ല.

കവിത എന്റെ സ്ഥിരം തട്ടകമേയല്ല. കവിതയിലല്ല ദീപാനിശാന്ത് എന്ന പേര് ഇന്ന് ആരും അറിയുന്നതും. ഒരു സര്‍വ്വീസ് പ്രസിദ്ധീകരണത്തിനായി സ്വന്തം ആധികാരികത മുഴുവന്‍ ചോദ്യം ചെയ്യുന്ന ഒരു പ്രവൃത്തി ഞാന്‍ ചെയ്യും എന്നു കരുതുന്നുണ്ടെങ്കില്‍ അങ്ങനെ തന്നെ മുന്നോട്ട് പോകുക.

ഞാനിതില്‍ വീണുപോകും എന്ന് ആരും മോഹിക്കേണ്ടതില്ല. കഴിഞ്ഞ കുറേക്കാലമായി പരിഹാസങ്ങള്‍ക്കും അപവാദങ്ങള്‍ക്കും മധ്യേയാണ് എന്റെ ജീവിതം കടന്നു പോയത്. ഇതും അതിലൊരധ്യായം എന്നേ കരുതുന്നുള്ളൂ. എന്റെ സര്‍ഗാത്മക ജീവിതവും രാഷ്ട്രീയ ജീവിതവുമെല്ലാം ശിരസ്സുയര്‍ത്തിപ്പിടിച്ചു തന്നെ ഇനിയും തുടരും.

എന്റേതല്ലാത്ത ഒരു വരിയും ഇന്നുവരെ എന്റേതെന്ന് അവകാശപ്പെടാതിരുന്നിട്ടും എനിക്ക് ഇന്ന് സംഭവിച്ച ദുഃഖത്തില്‍ ഒപ്പം നില്‍ക്കുന്ന എല്ലാവരോടും നന്ദിയുണ്ട്.

ഇക്കാര്യത്തില്‍ എന്റെ ആദ്യത്തെയും അവസാനത്തെയും വിശദീകരണമാണിത്. ഇതില്‍ കൂടുതലായി ഒന്നും പറയാനില്ല. ചില അനുഭവങ്ങള്‍ ഇങ്ങനെയും ബാക്കിയുണ്ടാവും എന്നു മാത്രം കരുതുന്നു.’

കവി എസ് കലേഷിന്റെ ‘അങ്ങനെയിരിക്കെ മരിച്ചുപോയ് ഞാന്‍/ നീ’ എന്ന കവിത മോഷ്ടിച്ച് വികലമാക്കി മാഗസിനില്‍ പ്രസിദ്ധീകരിച്ചെന്നാണ് ദീപ നിശാന്തിനെതിരെയുളള ആരോപണം. 2011ലാണ് ‘അങ്ങനെയിരിക്കെ മരിച്ചുപോയ് ഞാന്‍/ നീ’ എന്ന കവിത കലേഷ് എഴുതുന്നത്. എന്നാല്‍ ഇപ്പോള്‍ അധ്യാപികയായ ദീപയുടെ ചിത്രം സഹിതം എകെപിസിറ്റിഎ മാഗസിനില്‍ വന്ന കവിത ചില സുഹൃത്തുക്കള്‍ അയച്ചുതന്നതോടെയാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടതെന്ന് കവി കലേഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

കലേഷിന്റെ കവിത

അങ്ങനെയിരിക്കെ
വര്‍ഷങ്ങള്‍ക്കുശേഷം
പെട്ടെന്ന്‌ പൊലിഞ്ഞുപോകും ഞാന്‍.

അതുവരെ ചുറ്റിപ്പിടിച്ച ബന്ധങ്ങളെല്ലാം
പുഞ്ചിരിയോടെ അഴിച്ചുവച്ച്‌
മരണക്കിടക്കയില്‍ നിന്നെഴുന്നേറ്റ്‌
വെക്കം നിന്റെ വീട്ടിലേക്ക്‌
കണ്ണിക്കണ്ടവഴിയേ
അപ്പോള്‍ ഞാനൊരോട്ടമുണ്ട്‌.

ഇന്നത്തെപ്പോലെ
ഓട്ടോയ്‌ക്ക്‌ കൊടുക്കാന്‍ പോക്കറ്റില്‍
അന്നും ചില്ലിക്കാശില്ലാത്തതിനാല്‍
വഴിവക്കിലെ മരങ്ങളിലേക്കു ഞാന്നുകയറി
കവരങ്ങളില്‍ നിന്നു കവരങ്ങളിലേക്ക്‌ എത്തിപ്പിടിച്ച്‌
നിന്റെ വീടിനു മുന്നിലെ
മതിലിലേക്ക്‌ ചാഞ്ഞ
ചാമ്പമരചില്ലവരെയെത്തി
മുറ്റത്തേക്ക്‌ വലിഞ്ഞിറങ്ങുന്നതിനിടെ
പൊത്തോയെന്ന്‌ താഴെവീണ്‌ മണ്ണുപറ്റും.

ഉടന്‍ പിടഞ്ഞെണീറ്റ്‌
മുറ്റത്ത്‌ കരഞ്ഞുകൊണ്ടിരിക്കുന്ന
നിന്റെ കെട്ടിയോനെ
ഇത്രകാലം കൂടെക്കഴിഞ്ഞില്ലേ
എന്തിനിത്രകരയാനിരിക്കുന്നുവെന്ന്‌ നോക്കിച്ചിരിച്ച്‌
അകത്തെ മുറിയില്‍
ആള്‍വട്ടങ്ങള്‍ക്ക്‌ നടുവിലെ കിടക്കയില്‍
തളര്‍ന്നുകിടക്കുന്ന നിന്റെയടുത്തെത്തും.

അബോധത്തിലാണ്ടുപോയ നിന്നെ
മരണം എനിക്ക്‌ പണിഞ്ഞുതന്ന
സുതാര്യമായ ചില്ലുവിരല്‍കൊണ്ട്‌
ഞാന്‍ തൊട്ടുവിളിക്കും.

കണ്ണുതുറക്കാതെ തന്നെ
നിന്റെ ഉരുണ്ടകണ്ണുകളില്‍ നിന്ന്‌ രശ്‌മികള്‍
പൊടുന്നനെ എന്നിലേക്ക്‌ പുറപ്പെടും.

പണ്ടേറെ പാതിരാവുകളില്‍
നീയൂറിയൂറിച്ചുവപ്പിച്ചൊരെന്‍ ചുണ്ടുകളെ
മരണം കൈതൊട്ടു കരിവാളിപ്പിച്ചതു
കണ്ടാകും നിന്‍ കോട്ടിച്ചിരി.

നീ വിളിച്ചുപോന്ന എന്‍പേര്‌
നിന്റെ നാവിന്നടിയില്‍
അപ്പോള്‍ പിടയ്‌ക്കും മീനാകും.

മീനിന്‍ പിടപ്പുകണ്ട്‌
നിന്റെ മക്കളുടെ മക്കള്‍
നീ മരണത്തിലേക്ക്‌ തുഴയുകയാണെന്നു കരുതി
നാവ്‌ നനച്ചുതരും.

Exit mobile version