ഞായറാഴ്ചകളിലെ ലോക്ക് ഡൗണ്‍; ഏതൊക്കെ സ്ഥാപനങ്ങള്‍ തുറക്കാം, യാത്ര അനുമതി ഉള്ളത് ആര്‍ക്കൊക്കെ; വിശദാംശങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ജാഗ്രതയുടെ ഭാഗമായി ഞായറാഴ്ചകളില്‍ പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. നാളെ മുതലാണ് നിയമം കര്‍ശനമാക്കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാലനത്തില്‍ ഞായറാഴ്ചകളില്‍ ഏതെല്ലാം സ്ഥാപനങ്ങള്‍ക്ക് പ്രവര്ത്തിക്കാമെന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.

അവശ്യ സാധനങ്ങള്‍ ഒഴികേയുള്ള കടകള്‍ തുറക്കാന്‍ പാടില്ല, അവശ്യ സര്‍വ്വീസ് ഒഴികെയുള്ള വാഹനങ്ങളും പുറത്തിറക്കാന്‍ പാടില്ലെന്നും ഉത്തരവുണ്ട്. ഞായറാഴ്ച തുറന്നു പ്രവര്‍ത്തിക്കാവുന്ന സ്ഥാപനങ്ങള്‍ ഇവയാണ്:-

അവശ്യസാധനങ്ങള്‍, പാല് വിതരണവും ശേഖരണവും, ആശുപത്രികള്‍, മെഡിക്കല്‍ ലാബുകള്‍, മെഡിക്കല്‍ സ്റ്റോറുകളും അനുബന്ധ സ്ഥാപനങ്ങളും, കൊവിഡ് പ്രതിരോധ പ്രവര്ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്ത്തിക്കുന്ന വകുപ്പുകള്‍, മാലിന്യനിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍, ഹോട്ടലുകളില്‍ ടേക്ക് എവേ കൗണ്ടറുകള്‍ എന്നിവ പ്രവര്‍ത്തിക്കും.

യാത്രയ്ക്കുള്ള അനുമതി ഉള്ളത്-

ആരോഗ്യപ്രവര്‍ത്തകര്‍, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാത്രമാണ് ഞായറാഴ്ച സഞ്ചാരത്തിനുള്ള അനുമതിയുള്ളത്. ഏതെങ്കിലും അടിയന്തര ആവശ്യത്തിന് യാത്ര ചെയ്യേണ്ടിവന്നാല്‍ അവര്‍ ജില്ലാ കളക്ടറില്‍ നിന്നോ പോലീസില്‍ നിന്നോ പാസ് ലഭ്യമാക്കി വേണം യാത്രചെയ്യാന്‍. വാഹനങ്ങള്‍ അധികം പുറത്തിറങ്ങാത്തതിനാല്‍ പെട്രോള്‍ പമ്പുകളുടെ കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും ആവശ്യമാണെങ്കില്‍ അതിന് വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താമെന്നും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

Exit mobile version