കൊച്ചി: പ്ലാസ്റ്റിക് ഷീറ്റും പേപ്പര്‍ ബോര്‍ഡുകളും കൊണ്ടു മറച്ച ചുമരുകള്‍, ടാര്‍പോളിന്‍ മറച്ച മേല്‍ക്കൂരയും. ഈ ദുരിതത്തിലും സത്യസന്ധത മുറുകെ പിടിച്ചിരിക്കുകയാണ് എഴിപ്പുറം നിരോന്തി ചരുവിള വീട്ടില്‍ ബിന്ദു. കളഞ്ഞ് കിട്ടിയ ഏഴ് പവന്‍ സ്വര്‍ണ്ണം പോലീസില്‍ ഏല്‍പ്പിച്ചാണ് ബിന്ദു താരമായിരിക്കുന്നത്. റേഷന്‍ കടയില്‍ നിന്നുള്ള സൗജന്യ കിറ്റ് വാങ്ങാനാണ് ബിന്ദുവും അയല്‍വാസിയായ ലക്ഷ്മിയും പാരിപ്പള്ളി മുക്കടയില്‍ എത്തിയത്.
അവിചാരിതമായി മുന്നില്‍ കിടന്ന കവര്‍ എടുത്തു നോക്കിയപ്പോള്‍ മാലയും വളകളും ഉള്‍പ്പെടെ സ്വര്‍ണ്ണങ്ങളാണ് ഉണ്ടായിരുന്നത്. ഉടനെ മുന്‍ പഞ്ചായത്ത് അംഗം എസ് വിജയനെ വിവരം അറിയിക്കുകയും ചെയ്തു. വിജയന്‍ സ്ഥലത്ത് ഇരുവരെയും കൂട്ടി പാരിപ്പള്ളി പോലീസ് സ്റ്റേഷനില്‍ എത്തി എസ്ഐ നൗഫലിനു സ്വര്‍ണ്ണാഭരണം കൈമാറുകയും ചെയ്തു.
ഇതിനിടെ സ്വര്‍ണ്ണാഭരണം നഷ്ടപ്പെട്ട പാരിപ്പള്ളി ശ്രീരാമപുരം ദേവികൃപിയില്‍ ജയകുമാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. സിനിമാ മേഖലയില്‍ ജോലി ചെയ്യുന്ന ജയകുമാര്‍ സ്വര്‍ണ്ണം പണയം വയ്ക്കാനായി പിതാവിന് ഒപ്പമാണ് പാരിപ്പള്ളിയില്‍ എത്തിയത്. കാറില്‍ ഒപ്പമുണ്ടായിരുന്ന പിതാവിന്‍റെ പക്കലായിരുന്നു സ്വര്‍ണ്ണം. പണയം എടുക്കുമോ എന്ന അറിയാനായി ജയകുമാര്‍ മുക്കടയിലെ ബാങ്കില്‍ കയറി.
ഈ സമയം പിതാവ് കാറിനു പുറത്ത് ഇറങ്ങിയപ്പോള്‍ സ്വര്‍ണ്ണാഭരണം നഷ്ടപ്പെടുകയായിരുന്നു. പോലീസിന്‍റെ സാന്നിധ്യത്തില്‍ ബിന്ദു സ്വര്‍ണ്ണാഭരണം ജയകുമാറിനു കൈമാറുകയും ചെയ്തു. സന്തോഷ സൂചകമായി ജയകുമാര്‍ ബിന്ദുവിനു പാരിതോഷികം നല്‍കുകയും ചെയ്തു.