തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ നിന്നും മോചിതമാകാന്‍ കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് 840 കോടി രൂപ വായ്പ നല്‍കാന്‍ തയ്യാറാണെന്നു ജര്‍മ്മന്‍ സര്‍ക്കാരിനു കീഴിലുള്ള വികസന ബാങ്ക് ആയ കെഎഫ്ഡബ്ല്യു. വിദഗ്ധസംഘത്തെ കേരളത്തിലയച്ചു പ്രളയനാശനഷ്ടം വിലയിരുത്തിയ ശേഷമാണ് വാഗ്ദാനം.
പലിശനിരക്ക് നാമമാത്രമായിരിക്കുമെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചാലേ വായ്പയെടുക്കാന്‍ കഴിയൂ. പ്രളയത്തിനു പിന്നാലെ ഓഗസ്റ്റ് 18 നു തന്നെ ജര്‍മനിയില്‍നിന്നുള്ള വിദഗ്ധര്‍ കേരളത്തിലെത്തിയിരുന്നു. 3 ദിവസം ഇവര്‍ പ്രളയമേഖലകള്‍ സന്ദര്‍ശിച്ചു. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു വായ്പ അനുവദിക്കാന്‍ കെഎഫ്ഡബ്ല്യു തീരുമാനിച്ചത്. എന്നാല്‍, യുഎഇ ഉള്‍പ്പെടെ വിദേശരാജ്യങ്ങളുടെ സാമ്പത്തികസഹായം സ്വീകരിക്കുന്നതു കേന്ദ്രസര്‍ക്കാര്‍ വിലക്കിയതോടെ അവര്‍ തീരുമാനം മരവിപ്പിച്ചു.
ലോകബാങ്ക്, ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്ക് എന്നിവര്‍ പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള നിശ്ചിത പദ്ധതികള്‍ക്കു സാമ്പത്തിക സഹായം നല്‍കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ 9 കോടി യൂറോ (ഏകദേശം 840 കോടി രൂപ) വായ്പ അനുവദിക്കാമെന്നു കെഎഫ്ഡബ്ല്യു അറിയിച്ചത്. 3 വായ്പകളും കണ്‍സോര്‍ഷ്യം രൂപത്തില്‍ ലഭ്യമാക്കാനുള്ള ശ്രമം സര്‍ക്കാര്‍ നടത്തുന്നുണ്ട്.
നേരത്തെ, കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിക്കു സാമ്പത്തിക സഹായം നല്‍കുന്നതും ജര്‍മന്‍ വികസനബാങ്കാണ്. 760 കോടി രൂപയാണു വായ്പ അനുവദിച്ചത്. പലിശ 2%. കൊച്ചി സ്മാര്‍ട് സിറ്റി പദ്ധതിയുടെ ഭാഗമായി ദ്രവീകൃത പ്രകൃതിവാതകം ഉപയോഗിച്ചു ബസ് സര്‍വീസ് നടത്താന്‍ 500 കോടി രൂപയുടെ വായ്പ നല്‍കാന്‍ കെഎഫ്ഡബ്ല്യു മുന്നോട്ടുവരികയും ചെയ്തിരുന്നു.