കൊടുങ്ങല്ലുര്‍: കൊറോണ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് സര്‍ക്കാരും മറ്റ് അധികൃതരും ആവര്‍ത്തിച്ചുപറയുമ്പോഴും സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ലംഘിച്ചത് നിരവധി പേരാണ്. ദിനംപ്രതി ഒട്ടേറെ കേസുകളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതിനിടെ ലോക്ക്ഡൗണ്‍ ലംഘിച്ച് പള്ളിയില്‍ പ്രാര്‍ത്ഥന നടത്തിയ അഞ്ച് പേരെ കൊടുങ്ങല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. എറിയാട് വടക്ക് വശം മസ്ജിദുല്‍ ബിലാല്‍ പളളിയില്‍ വിലക്ക് ലംഘിച്ച് പ്രാര്‍ത്ഥന നടത്തിയ അഞ്ച് പേരെയാണ് കൊടുങ്ങല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ആളുകള്‍ കൂടുന്നതിനാല്‍ ലോക്ക് ഡൗണ്‍ കഴിയുന്നതുവരെ ആരാധനാലയങ്ങളില്‍ മതപരമായ ആഘോഷങ്ങളും കൂട്ടപ്രാര്‍ത്ഥനയും പാടില്ലെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. ഇതെല്ലാം ലംഘിച്ചുകൊണ്ടാണ് പള്ളിയില്‍ പ്രാര്‍ത്ഥന നടത്തിയത്. വിലക്ക് ലംഘിച്ച് പള്ളിയില്‍ പ്രാര്‍ത്ഥന നടക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അഞ്ച് ആളുകള്‍ പോലീസിന്റെ പിടിയിലാകുന്നത്. എറിയാട് യു ബസാര്‍ പുളിപറമ്പില്‍ അഫ്‌സല്‍, മാന്തുരുത്തില്‍ ഷംസുദ്ധീന്‍, നെട്ടൂക്കാരന്‍ മുഹമ്മദാലി, പുളിപറമ്പില്‍ മക്കാര്‍, പുളി പറമ്പില്‍ അലി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പോലീസ് പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.