ഗുരുവായൂര്‍ ദേവസ്വത്തിന്റെ ദുരിതാശ്വാസ സംഭാവന ചിലര്‍ വര്‍ഗീയ വത്ക്കരിക്കാന്‍ ശ്രമിക്കുന്നു; ഇത് അംഗീകരിക്കാന്‍ കഴിയില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂര്‍ ദേവസ്വം സംഭാവന നല്‍കിയതിനെ വര്‍ഗീയ വത്ക്കരിക്കാനുള്ള ബിജെപി നേതാക്കളുടെ ശ്രമങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

ഗുരുവായൂര്‍ ദേവസ്വം സംഭാവന നല്‍കിയത് വര്‍ഗീയ വികാരമായി ആളിക്കത്തിക്കുന്നതിന് ചിലര്‍ ശ്രമം നടത്തുന്നതായി കാണുന്നുണ്ട്. ഇത്തരമൊരു പ്രതിസന്ധിഘട്ടത്തില്‍ വര്‍ഗീയ മുതലെടുപ്പിന് ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല. അത് നമ്മുടെ നാടിന് വലിയ ആപത്തുളവാക്കുന്ന കാര്യമാണ്- മുഖ്യമന്ത്രി പറഞ്ഞു.

ആപത്ത് ഘട്ടത്തില്‍ ഒരു പൊതുകാര്യത്തിന് സംഭാവന നല്‍കുന്ന നിലപാടാണ് എല്ലാവരും സ്വീകരിക്കുന്നത്. നമ്മുടെ കുഞ്ഞുങ്ങള്‍ മുതല്‍ പ്രായമായവര്‍ വരെ സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ വരെ സംഭാവന നല്‍കുന്നു. ഇത്തരമൊരു ഘട്ടത്തില്‍ വര്‍ഗീയമായി മുതലെടുക്കാന്‍ നോക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. അത് അങ്ങേയറ്റം അപലപനീയമായ കാര്യമാണ്. നമ്മുടെ പൊതുസമൂഹം അത്തരം ആളുകളെ കൃത്യമായി മനസ്സിലാക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ ഗുരുവായൂര്‍ ദേവസ്വം സംഭാവന നല്‍കിയതിനെതിരെ കുമ്മനം രാജശേഖരന്‍, തുടങ്ങിയ ബിജെപി നേതാക്കള്‍ രംഗത്ത് വന്നിരുന്നു. ആര്‍എസ്എസും കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വവും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

Exit mobile version