കോട്ടയം: ബൈക്ക് മോഷ്ടാക്കൾ നാട്ടുകാരുടെ പിടിയിൽ നിന്നും രക്ഷപ്പെടാനായി ആറ്റിൽ ചാടി, ഒടുവിൽ പോലീസിന്റെ പിടിയിലുമായി. ആറ്റിൽ ചാടിയതിന് പിന്നാലെ നീർനായയുണ്ടെന്നും കടി കിട്ടാൻ സാധ്യതയുണ്ടെന്നുമുള്ള നാട്ടുകാരുടെ മുന്നറിയിപ്പിനു പിന്നാലെ മോഷ്ടാക്കൾ തിരിച്ച് കരയിൽ കയറുകയായിരുന്നു. തുടർന്ന് പോലീസ് എത്തി മോഷ്ടാക്കളെ കസ്റ്റഡിയിൽ എടുത്തു. കോട്ടയം വെള്ളൂപ്പറമ്പിലാണ് സംഭവം.
കുമ്മനം സ്വദേശി താരിഖിന്റെ ബൈക്ക് വെള്ളിയാഴ്ച രാവിലെയാണ് മോഷണം പോയത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിക്ക് ഒപ്പം നിൽക്കാൻ താരിഖ് പോയിരുന്നു. പാർക്കിങ് സ്ഥലത്തുവെച്ച ബൈക്ക് മോഷ്ടാക്കൾ അടിച്ചുമാറ്റുകയായിരുന്നു. തുടർന്ന് ബൈക്കിന്റെ നമ്പർ സഹിതം താരിഖ് ഫേസ്ബുക്കിൽ കുറിപ്പിട്ടു. വെള്ളിയാഴ്ച രാവിലെ മീനച്ചിലാറ്റിൽ വെള്ളൂപ്പറമ്പ് പാലത്തിന് സമീപമുള്ള കടവിൽ കുളിക്കാൻ വന്ന ജെറിൻ എന്നയാൾ മോഷണം പോയ ബൈക്ക് അവിടെ ഇരിക്കുന്നത് കണ്ടു. കളവ് പോയ ബൈക്കിന്റെ നമ്പർ സാമൂഹിക മാധ്യമങ്ങളിൽ നിന്ന് ജെറിന് അറിയാമായിരുന്നു. തുടർന്ന് അദ്ദേഹം അദ്ദേഹം പരിസരവാസികളെ വിവരം അറിയിച്ചു.
ആളുകൾ കൂടുന്നത് കണ്ട് ഭയന്ന, ബൈക്കിന് സമീപത്ത് ഇരുന്ന മോഷ്ടാക്കൾ സാഹചര്യം പന്തിയല്ലെന്ന് മനസ്സിലാക്കി ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ചേർക്കോട്ട് കടവ് വരെ പോയ ശേഷം പുഴയിൽ ചാടി. അക്കരെ മിഡാസ് കമ്പനി ഭാഗത്തേക്ക് പോയെങ്കിലും അവിടെ ജനം കൂടി. ഇതോടെ തിരിച്ച് നീന്തി. ഇരുവരും കര കയറാതെ ആറ്റുവഞ്ചിപ്പുല്ലിൽ പിടിച്ച് കിടന്നു. ഇതിനിടെയാണ് നാട്ടുകാർ നീർനായയുടെ കാര്യം ഓർമ്മിപ്പിച്ചത്. ഇതോടെ രണ്ടുപേരും കരയിൽ കയറുകയായിരുന്നു. തുടർന്ന് ഗാന്ധിനഗർ പോലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തു.
Discussion about this post