കണ്ണൂര്‍: ബൈപ്പാസിനെതിരെയുള്ള സമരത്തിന് കൂടെ നിന്ന് കാലുവാരിയ ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനും തിരിച്ചടിയായി കീഴാറ്റൂര്‍ സമരം ശക്തമാക്കാനൊരുങ്ങി വയല്‍ക്കിളികള്‍. ദേശീയപാത ബൈപാസ് നിര്‍മാണത്തിനു കീഴാറ്റൂര്‍ വയല്‍ ഏറ്റെടുക്കാനുള്ള തീരുമാനത്തിനെതിരെ വയല്‍ക്കിളി സമരസമിതിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 30നു കീഴാറ്റൂര്‍ വയല്‍ പിടിച്ചെടുക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന പരിസ്ഥിതി പ്രതിരോധ പ്രവര്‍ത്തകരുടെ പിന്തുണയോടെയാണു ‘പരിസ്ഥിതി കേരള’ത്തിന്റെ പേരില്‍ സമരം നടത്തുന്നത്.
റോഡിനായി വയല്‍ ഏറ്റെടുത്തു കൊണ്ടുള്ള വിജ്ഞാപനം വന്ന സാഹചര്യത്തിലാണു വയല്‍ക്കിളികളുടെയും സമര ഐക്യദാര്‍ഢ്യ സമിതിയുടെയും സംയുക്ത യോഗം വയല്‍ സംരക്ഷണ സമരം ശക്തമായി തുടരാന്‍ തീരുമാനിച്ചത്. മേധാ പട്ക്കര്‍, സ്വാമി അഗ്നിവേശ് തുടങ്ങിയവരെ സമരത്തില്‍ പങ്കെടുപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. അതിനൊപ്പം നിയമ നടപടികള്‍ക്കായി കോടതിയെയും സമീപിക്കും
ഇതിന്റെ ഭാഗമായി ജില്ലയിലെ പ്രമുഖ പരിസ്ഥിതി സംഘടനകളുടെ യോഗം ഡിസംബര്‍ 9നു തളിപ്പറമ്പില്‍ ചേരും. പരിസ്ഥിതി മുദ്രാവാക്യങ്ങളുന്നയിച്ച് ശരിയായ രീതിയില്‍ നടന്നിരുന്ന സമരം ബിജെപിയുടെ രംഗപ്രവേശത്തോടെയാണ് കരുത്തും ദിശയും നഷ്ടപ്പെട്ട സ്ഥിതിയിലായതെന്ന് കഴിഞ്ഞ ദിവസം രാത്രിയില്‍ ചേര്‍ന്ന വയല്‍ക്കിളി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.
Discussion about this post