പൊന്നാനി:നോമ്പ്കാലം വന്നാൽ ഇന്ദുവിനും അയൽവാസികളായ കാവ്യക്കും മുത്തശ്ശി സുലോചനക്കും മുസ്ലിംകൾക്കെന്നപോലെ പകൽ മുഴുവൻ നോമ്പാണ്. വെളിയങ്കോട് ആലിൻചുവട് സ്വദേശിയായ ഇന്ദു കഴിഞ്ഞ 6 വർഷമായി മുടങ്ങാതെ നോമ്പെടുക്കാറുണ്ട്. മുപ്പതാം വയസിൽ അഫ്സലുൽ ഉലമ പ്രിലിമിനറി പഠിക്കാൻ എരമംഗലം അൽഫുർഖാൻ കോളേജിൽ ചേർന്നതോടെ ഖുർആൻ പാരായണമൊക്കെ പഠിച്ചു. അങ്ങനെ ഈ നോമ്പിന് ആദ്യമായി ഖുർആനും ഖത്മ് തീർക്കുന്നുണ്ട്. പ്രിലിമിനറി ഒന്നാംവർഷ വിദ്യാർത്ഥിയാണ് രമേശിന്റെ ഭാര്യയായ ഇന്ദു.
തൊട്ടടുത്ത അയൽവാസിയാണ് ഡിഗ്രി രണ്ടാംവർഷക്കാരിയായ കാവ്യ. എട്ട് വയസുമുതൽ കാവ്യ നോമ്പെടുക്കാറുണ്ട്. ഇപ്പോൾ 19 വയസാണ് കാവ്യക്ക് പ്രായം. ഇതിനിടയിൽ ഒരു റമദാന് പോലും നോമ്പ് ഉപേക്ഷിച്ചിട്ടില്ല. കാവ്യക്ക് കൂട്ടായി മുത്തശ്ശി സുലോചനയും നോമ്പെടുക്കും.65 വയസു കഴിഞ്ഞ സുലോചനയ്ക്ക് ഇപ്പോഴും നോമ്പെടുക്കുക എന്നത് ഏറ്റവും സന്തോഷകരമായ കാര്യമാണ്.കഴിഞ്ഞ 6 വർഷമായി സുലോചന നോമ്പ് മുടക്കിയിട്ടില്ല.
ഒരു ദിവസം ഇന്ദുവിനെ കാവ്യയും മുത്തശ്ശിയും ചേർന്ന് നോമ്പ് തുറപ്പിച്ചിരുന്നു. പകരം ഇന്ദു അവരെയും വീട്ടിലേക്ക് ക്ഷണിച്ച് ഇഫ്താർ നടത്തി. എല്ലാവർഷവും മുടക്കമില്ലാതെ ഇത് തുടരും. റമദാൻ ക്വിസ് മത്സരങ്ങളിലെല്ലാം സജീവമായി സങ്കെടുക്കുന്നവരാണ് ഈ കുടുംബം.കോളേജ് നടത്തിയ ഓൺലൈൻ ഇസ്ലാമിക് ക്വിസ് മത്സരത്തിൽ വിജയികളിലൊരാളായത് ഇന്ദുവായിരുന്നു. ഭർത്താവിന്റെ പിന്തുണയാണ് ഇന്ദുവിന്റെ കരുത്ത്. അമ്മ പ്രീതയുടെ സപ്പോർട്ടാണ് കാവ്യക്ക്. മൂന്നുപേർക്കും റമദാൻ കാലമെത്തിയാൽ ബദ്രീങ്ങളുടെ ആണ്ടും ഇരുപത്തിയേഴാം രാവുമെല്ലാമുള്ള പവിത്രമായ നോമ്പ് കാലമാണ്. ജീവിതകാലം മുഴുക്കെയും നോമ്പെടുക്കാനുള്ള ഭാഗ്യമുണ്ടാകണമെന്ന് പടച്ചോനോട് പ്രാർത്ഥിക്കുകയാണ് മൂന്നുപേരും.
റിപ്പോർട്ട്: ഫഖ്റുദ്ധീൻ പന്താവൂർ
Discussion about this post