തൊടുപുഴ: സ്വന്തം നാടും സഹജീവികളും ദുരിതക്കയത്തിൽ വീണുപോകാതിരിക്കാൻ കൈത്താങ്ങ് നൽകി മാതൃകയായി തൊടുപുഴയിലെ ഓട്ടോ ഡ്രൈവറും പത്‌നിയും. സ്വന്തമായി അകെയുള്ള ഇത്തിരി ഭൂമി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകിയാണ് ഓട്ടോ ഡ്രൈവർ സെബാസ്റ്റ്യനും ഭാര്യയും മാതൃകയായിരിക്കുന്നത്.
ഇടുക്കി തൊടുപുഴയിൽ ഓട്ടോറിക്ഷ ഓടിക്കുന്ന സെബാസ്റ്റ്യൻ ഭൂരേഖകൾ സർക്കാരിന് കൈമാറുകയായിരുന്നു. സെബാസ്റ്റ്യൻ, 37 വർഷം സ്വകാര്യ ബസ് കണ്ടക്‌റായിരുന്നു, ഇപ്പോൾ തൊടുപുഴയിൽ ഓട്ടോ ഓടിച്ചാണ് ഉപജീവനം.
അന്ന് സകല എതിർപ്പുകളേയും സ്‌നേഹം കൊണ്ട് കീഴടക്കി മിശ്രവിവാഹിരായ സെബാസ്റ്റ്യനും സെൽമയും ജീവിത മാതൃകകൊണ്ട് വീണ്ടും നാടിനെ അമ്പരപ്പിക്കുകയാണ്. കഷ്ടപ്പെട്ട് സ്വന്തമാക്കിയ 16 സെന്റ് ഭൂമിയിൽ അഞ്ച് സെന്റ് ഭൂമിയാണ് കൊവിഡ് പ്രതിരോധത്തിന് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. കല്ലൂർകാട് വഴിയിലുള്ള സ്വന്തം സ്ഥലത്തിന്റെ രേഖകൾ ഇരുവരും മന്ത്രി എംഎം മണിക്ക് കൈമാറുകയായിരുന്നു.