തൃശൂര്‍: രാമവര്‍മപുരം പോലീസ് അക്കാദമിയിലെ കുളത്തില്‍ 2 കുട്ടികള്‍ മുങ്ങിമരിച്ചു. ഐആര്‍ ബറ്റാലിയന്‍ എഎസ്‌ഐ എറണാകുളം മഴുവന്നൂര്‍ കുന്നത്തുനാട് കളരിക്കല്‍ വീട്ടില്‍ അഗുലിന്റെയും പ്രീതയുടെയും മകന്‍ അജു കൃഷ്ണ (7), അക്കാദമിയിലെ സിവില്‍ പോലീസ് ഓഫിസര്‍ മലപ്പുറം അരീക്കോട് പുവത്തുങ്കല്‍ ഉജ്ജയനിയില്‍ നീനയുടെയും അരുണിന്റെയും ഏക മകന്‍ അഭിമന്യു (9) എന്നിവരാണു മരിച്ചത്.
അഭിമന്യു തൃശൂര്‍ വില്ലടം ഗവ. സ്‌കൂള്‍ മൂന്നാംക്ലാസ് വിദ്യാര്‍ഥിയും അജു പാടുകാട് കോ ഓപ്പറേറ്റീവ് സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയുമാണ്. സ്‌കൂള്‍ വിട്ടെത്തി ക്യാംപസില്‍ കളിക്കാനിറങ്ങിയതായിരുന്നു കുട്ടികള്‍. സന്ധ്യ കഴിഞ്ഞും കാണാതായതോടെ പോലീസുകാര്‍ തിരച്ചില്‍ തുടങ്ങി. കാടു പിടിച്ചു കിടക്കുന്ന കുളത്തില്‍ പരിശോധിച്ചപ്പോഴാണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.