പാലാ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും ഹൃദ്രോഗത്തിന് ചികിത്സ കഴിഞ്ഞ് ഡിസ്ചാർജ്ജായ നിർധന രോഗിയും കുടുംബവും വണ്ടിക്കൂലിക്ക് പണമില്ലാതെ തൊടുപുഴയിലെ വീട്ടിലേയ്ക്ക് നടന്നു. ഒടുവിൽ വിവരമറിഞ്ഞ പാലാ സേവാഭാരതി രക്ഷകരായെത്തി കുടുംബത്തെ വീട്ടിലെത്തിച്ചു. തൊടുപുഴ കോലാനി പഞ്ചവടിപ്പാലം താമരശ്ശേരിൽ (കൊന്നക്കാട്ടുമലപ്പറ) വീട്ടിൽ ആനന്ദ(50)നും കുടുംബവുമാണ് ദുരിതപർവ്വം താണ്ടി വീട്ടിലെത്തിയത്.
ഹൃദ്രോഗത്തിന് ഒരാഴ്ചത്തെ ചികിത്സകഴിഞ്ഞ് തിങ്കളാഴ്ച യാണ് ആനന്ദൻ ഡിസ്ചാർജായത്. ഭാര്യ റീനയും മകൻ ആദിത്യ(12) നും ഒപ്പമുണ്ടായിരുന്നു. ആശുപത്രി ചിലവു കഴിഞ്ഞ് 100 രൂപ മാത്രമേ ആനന്ദന്റെ കൈശമുണ്ടായിരുന്നുള്ളു. ലോക്ക് ഡൗൺ കാരണം നാട്ടിലെത്താൻ ബസില്ല. ടാക്സി വിളിക്കാൻ പണവുമുണ്ടായിരുന്നില്ല. ഓട്ടോ ഓടിച്ചായിരുന്നു ആനന്ദൻ കുടുംബം പുലർത്തിയിരുന്നത്. സഹായത്തിനായി ആശുപത്രി വളപ്പിലെ എയ്ഡ് പോസ്റ്റിലെത്തി പോലീസിന്റെ സഹായംതേടിയെങ്കിലും ടാക്സി വിളിച്ചുതരാം മറ്റ് വഴിയില്ലെന്ന് പോലീസ് അറിയിച്ചു.
നടുവിന് വേദനയ്ക്ക് മരുന്നു കഴിക്കുന്ന റീനയ്ക്ക് നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. മറ്റ് മാർഗ്ഗമില്ലാതെ ഒടുവിൽ ഇവർ നടക്കാൻ തന്നെ തീരുമാനിക്കുകയായിരുന്നു. ഉച്ചകഴിഞ്ഞ് 2.30ന് യാത്ര തുടങ്ങിയ കുടുംബം അതുവഴി വന്ന വാഹനങ്ങൾക്ക് കൈ കാണിച്ചെങ്കിലും ആരും നിർത്തിയില്ല. 5.30ന് ഏറ്റുമാനൂരെത്തി. ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിനോട് വിവരം പറഞ്ഞു. ദയ തോന്നിയ പോലീസ് ഉദ്യോഗസ്ഥൻ അതുവഴി വന്ന ഒരു വാഹനം കൈ കാണിച്ച് നിർത്തി ഇവരെ അതിൽ കയറ്റിവിടുകയായിരുന്നു. ആ വാഹനത്തിൽ കയറി ഇവർ പാലായിൽ എത്തി. ജനറൽ ആശുപത്രി ജംഗ്ഷനിൽ ഇറങ്ങിയ കുടുംബം അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിനെ സമീപിച്ച് കാര്യങ്ങൾ ധരിപ്പിച്ചു. പോലീസ് ഉടൻ സേവാഭാരതി പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു.
സേവാഭാരതിയുടെ ആംബുലൻസ് സ്ഥലത്തെത്തിയാണ് പിന്നീട് ഇവരെ വീട്ടിലേക്ക് കൊണ്ടുപോയത്. സേവാ ഭാരതിയുടെ ആംബുലൻസ് എത്തുന്നതുവരെ ട്രാഫിക് എസ്ഐ ടിജി ജയൻ, എഎസ്ഐ ആനന്ദ്, കൺട്രോൾറൂം എസ്ഐ രാജു എന്നിവർ ഇവരെ ആശ്വസിപ്പിച്ച് കൂടെനിന്നു.
സേവാഭാരതി പ്രവർത്തകരായ കെഎൻ വാസുദേവൻ, ഡി പ്രസാദ്, ബിജു കൊല്ലപ്പളളി എന്നിവർ കുടുംബത്തിന് വീട്ടിലെത്താൻ വേണ്ട എല്ലാ സഹായവും ഉറപ്പുനൽകിയതോടെ അവരുടെ നിർദേശ പ്രകാരം എത്തിയ സേവാഭാരതി പ്രവർത്തകരായ മഹേഷ് ചന്ദ്രൻ, സുജിൻ സുഗുണൻ, രാജേഷ് ഗോപി ബാബു പുളിക്കൽ എന്നിവർ ചേർന്ന് സ്വരൂപിച്ച തുകയും ഭക്ഷണവിഭവങ്ങൾ അടങ്ങിയ കിറ്റും ഭക്ഷണവും നൽകി ആബുലൻസിൽ അവരെ യാത്രയാക്കി. രാതി എട്ട് മണിയോടെ കുടുംബം കോലാനിയിലെ വീട്ടിലെത്തി.
Discussion about this post