കേരളത്തിന് വീണ്ടും ലോകത്തിന്റെ ആദരം: വോഗ് മാസികയുടെ പോരാളികളില്‍ ശൈലജ ടീച്ചറും, അഭിനന്ദനം

തൃശ്ശൂര്‍: കോവിഡ് മഹാമാരിയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ കേരളത്തിനെ ലോകത്തിന് മുന്നില്‍ മാതൃകയാക്കിയതില്‍ മുന്‍പന്തിയിലാണ് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറുള്ളത്. ആരോഗ്യമന്ത്രിയും ആരോഗ്യപ്രവര്‍ത്തകരും മറ്റും ചേര്‍ന്ന് നടത്തിയ പഴുതടച്ച പ്രതിരോധമാര്‍ഗങ്ങളാണ് കേരളത്തെ മഹാമാരിയില്‍ നിന്നും രക്ഷിച്ചത്.

ലോകം മുഴുവന്‍ കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചിരുന്നു. ഇപ്പോഴിതാ ലോകപ്രശസ്ത ഫാഷന്‍- ലൈഫ് സ്‌റ്റൈല്‍ മാസികയായ വോഗും ശൈലജ ടീച്ചര്‍ക്ക് ആദരമൊരുക്കിയിരിക്കുകയാണ്.

വോഗിന്റെ ‘വോഗ് വാരിയേഴ്സ്’പട്ടികയില്‍ ഇടംപിടിച്ചിരിക്കുകയാണ് ശൈലജ ടീച്ചര്‍.
‘മഹാമാരിയില്‍ നിന്ന് കേരളത്തെ തിരിച്ചുപിടിക്കുന്ന ആരോഗ്യമന്ത്രി’ എന്ന തലക്കെട്ടിലാണ് കെകെ ശൈലജയെ കുറിച്ചുള്ള ലേഖനം സോഷ്യല്‍ ലോകത്ത് വൈറലായിരിക്കുകയാണ്.

‘വളരെ വെല്ലുവിളി നിറഞ്ഞ സാഹചര്യമാണ് നിലവില്‍ കെകെ ശൈലജ നേരിടുന്നത്. അധ്യാപികയായി ഔദ്യോഗിക ജീവിതം തുടങ്ങിയ ശൈലജ ആരോഗ്യമന്ത്രി എന്ന നിലയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയമാണ്. കെകെ ശൈലജ മുഖ്യമന്ത്രി പിണറായി വിജയനുമായി ചേര്‍ന്ന് നടത്തിയ മികച്ച ആസൂത്രണവും പദ്ധതികളുടെ നടപ്പാക്കലുമാണ് 2018ല്‍ നിപാ വൈറസിനെ വിജയകരമായി നേരിടാന്‍ കേരളത്തെ സഹായിച്ചത്. വീണ്ടും ഒരു മഹാമാരിയില്‍ നിന്ന് അവര്‍ കേരളത്തെ കരകയറ്റുന്നു’ വോഗില്‍ കെകെ ശൈലജയെ പരിചയപ്പെടുത്തുന്ന ലേഖനത്തില്‍ പറയുന്നു.

കോവിഡ് പ്രതിരോധത്തിന്റെ കേരളാ മോഡല്‍ പ്രശംസിക്കപ്പെട്ടതാണ്. കോവിഡിനെതിരായ കേരളത്തിന്റെ പ്രതിരോധം താരതമ്യങ്ങളില്ലാത്തത് എന്ന ഐസിഎംആറിന്റെ അഭിനന്ദനവും വോഗ് മാഗസിന്റെ ലേഖനത്തിലുണ്ട്.

ചിട്ടയായ സമീപനവും പൊതുജനങ്ങളുമായുള്ള ആശയവിനിമയവും ടീം വര്‍ക്കുമാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹായിച്ചതെന്ന് കെകെ ശൈലജ പറഞ്ഞതായും വോഗ് ലേഖനത്തിലുണ്ട്. കോവിഡ് മഹാമാരിയെ നേരിടുന്നതില്‍ കേരള മോഡല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതാണ്. കേരളത്തിലേത് ഏറ്റവും കുറഞ്ഞ മരണനിരക്കാണ്. പൊതുജനാരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക ഉന്നമനം എന്നിവയില്‍ കേരളം മുന്‍പ് തന്നെ മുന്‍പന്തിയിലാണെന്നും ലേഖനത്തില്‍ പറയുന്നു. മഞ്ജു സാറാ രാജനാണ് വോഗിന് വേണ്ടി ലേഖനം എഴുതിയിരിക്കുന്നത്.

Exit mobile version