ലോക്ക് ഡൗണ്‍ ഇളവ്; സംസ്ഥാനത്തെ ജനകീയ അടുക്കളകളുടെ എണ്ണം കുറയ്ക്കുന്നു

തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചനുകള്‍ ഘട്ടം ഘട്ടമായി പൂട്ടുന്നു. പല ജില്ലകളിലും കിച്ചനുകളുടെ എണ്ണം പകുതിയായി കുറച്ചു. അത്യാവശ്യ സ്ഥലങ്ങളില്‍ മാത്രമാണ് നിലവില്‍ കമ്മ്യൂണിറ്റി കിച്ചനുകളുടെ പ്രവര്‍ത്തനം.

ലോക്ക് ഡൗണ്‍ ഇളവുകള്‍ നല്‍കിയതോടെയാണ് കമ്മ്യൂണിറ്റി കിച്ചണുകള്‍ ഘട്ടം ഘട്ടമായി പൂട്ടാന്‍ തീരുമാനിച്ചത്. തദ്ദേശ സ്ഥാപനങ്ങളുടെ സാമ്പത്തിക പ്രതിസന്ധിയും ഒരു കാരണമാണ്. പല സ്ഥലങ്ങളിലും കമ്മ്യൂണിറ്റി കിച്ചനുകള്‍ കുടുംബശ്രീ ഹോട്ടലുകള്‍ക്ക് വഴിമാറിക്കഴിഞ്ഞു.

അത്യാവശ്യ സ്ഥലങ്ങളില്‍ മാത്രം കമ്മ്യൂണിറ്റി കിച്ചനുകള്‍ പ്രവര്‍ത്തിച്ചാല്‍ മതിയെന്നാണ് തീരുമാനം. മറ്റിടങ്ങളില്‍ കുടുംബശ്രീ ഹോട്ടലുകളെ ആശ്രയിക്കണം. എന്നാല്‍ റെഡ്‌സോണ്‍ മേഖലകള്‍, ഹോട്ട്‌സ്‌പോട്ടുകള്‍ എന്നിവിടങ്ങളില്‍ കമ്മ്യൂണിറ്റി കിച്ചനുകള്‍ മുടക്കം കൂടാതെ പ്രവര്‍ത്തിക്കും.

സംസ്ഥാനത്ത് ആകെ 1150 കമ്മ്യൂണിറ്റി കിച്ചനുകളാണ് ഉണ്ടായിരുന്നത്. ഇത് 918 എണ്ണമായി കുറച്ചു. തിരുവനന്തപുരത്ത് 78 കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നത് 59 എണ്ണമായി ആയി ചുരുക്കി. കൊച്ചിയില്‍ 113 കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നത് 78 ആക്കി. കോഴിക്കോട് 91 കേന്ദ്രങ്ങളുടെ സ്ഥാനത്ത് 74 കിച്ചനുകളും മാത്രമാണ് അവശേഷിക്കുന്നത്.

Exit mobile version